ബീജിങ്: െൈചനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായ ഫാന്‍ ബിംഗ്ബിംഗിന് 942 കോടിയുടെ പിഴശിക്ഷ. നികുതിവെട്ടിപ്പ് നടത്തിയതിനാണ് ലോകപ്രശസ്ത ഹോളിവുഡ് താരം കൂടിയായ ഫാന്‍ ബിംഗ്ബിംഗിന് പിഴശിക്ഷ വിധിച്ചത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതു മുതല്‍ നടി അപ്രത്യക്ഷയാണ്. വരുമാനം കുറച്ചുകാട്ടി നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്ന കുറ്റം. നികുതിവെട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ നടി അപ്രത്യക്ഷയായി. അവരെപ്പറ്റി ആരാധകര്‍ക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ചൈനയില്‍ ചലച്ചിത്രതാരങ്ങള്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ രണ്ട് കരാറുകള്‍ ഉണ്ടാക്കുന്ന പതിവുണ്ട്. ഒന്നില്‍ പ്രതിഫലത്തുക കുറച്ചുകാണിക്കും. മറ്റൊന്നില്‍ യഥാര്‍ഥ പ്രതിഫലത്തുകയും കാട്ടും. ഇതില്‍ ആദ്യത്തേതാണ് നികുതിവിഭാഗത്തിന് നല്‍കുന്നത്. ഈ തട്ടിപ്പിലാണ് ഫാനും കുടുങ്ങിയത്. എന്നാല്‍, പിഴശിക്ഷ പ്രഖ്യാപിച്ചതോടെ ഫാന്‍ മാപ്പപേക്ഷയുമായി സമൂഹമാധ്യമത്തില്‍ എത്തി. പാര്‍ട്ടിയെ സുഖിപ്പിച്ചാണ് മാപ്പപേക്ഷയുമായി നടി വന്നതും. മാപ്പപേക്ഷയില്‍ പറയുന്നതിങ്ങനെ: ”നികുതിയില്‍ കൃത്രിമം കാണിച്ച നടപടിയില്‍ ഖേദിക്കുന്നു. വലിയ നാണക്കേടാണ് എനിക്കിതുണ്ടാക്കിയത്. ആരാധകരും നാട്ടുകാരും പൊറുക്കണം. പിഴ ഈടാക്കാനുള്ള തീരുമാനം ശിരസ്സാ സ്വീകരിക്കുന്നു. പാര്‍ട്ടിയുടെ നല്ല നയങ്ങളും ജനങ്ങളുടെ സ്‌നേഹവും ഇല്ലെങ്കില്‍ ഫാന്‍ ബിംഗ്ബിംഗ് ഉണ്ടാകുമായിരുന്നില്ല”
ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ഫാന്‍ ബിംഗ്ബിംഗ്. ‘എക്‌സ്മെന്‍’, ‘അയേണ്‍മാന്‍’ അടക്കം നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, കോടികളുടെ വിലയുള്ള ഈ മുപ്പത്തിയേഴുകാരി. എന്നാല്‍ വരുമാനം സംബന്ധിച്ച് തെറ്റായ വിവരം നല്‍കി എന്നാണ് നികുതിവിഭാഗം കണ്ടെത്തിയിരിക്കുന്നത്.