ന്യൂഡല്‍ഹി: കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് മുതിരാതെ ചൈന അരുണാചല്‍ അതിര്‍ത്തി കൈയെറ്റത്തില്‍ നിന്ന് പിന്മാറി. അരുണാചല്‍ ഇന്ത്യന്‍ പ്രവിശ്യ അല്ലെന്നും ചൈനയുടെ ഭാഗമാണ് എന്നും നിരന്തരമായി ചൈന പ്രഖ്യാപിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം അവര്‍ പുറത്തിറക്കിയ മാപ്പില്‍ അരുണാചല്‍ ചൈനയുടെ പ്രവിശ്യയായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. മുന്‍പും ചൈന ഇപ്രകാരം ചെയ്യുകയും ഇന്ത്യ ആ രാജ്യത്തിന് കടുത്ത മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ അനധികൃതമായി നിരവധി സൈനികരെ ചൈന വിന്യസിക്കുകയും അതിനു മറുപടിയായി ഇന്ത്യയും സൈനിക വിന്യാസം നടത്തുകയും ചെയ്തു.
ഇപ്പോള്‍ അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മാണം തുടങ്ങി. അതിനിടെയാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറിയാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. ഉടന്‍ തന്നെ അവരുടെ സാധന സാമഗ്രികള്‍ പട്ടാളക്കാര്‍ പിടിച്ചെടുത്തു. ചൈനീസ് സൈനികരും റോഡ് നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം രണ്ടാഴ്ചമുമ്പാണ് ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി ഷിയാങ് നദീതീരം വരെ എത്തിയത്.
റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ചൈനയുടെ പിന്മാറ്റത്തോടെ ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി.. ചൈനയുടെ അതിർത്തിലംഘനം മനസ്സിലാക്കിയ ഇന്ത്യൻ സൈനം ഉടനടി ചൈനീസ് സംഘത്തെ തിരിച്ചയിക്കുകയായിരുന്നു. ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കര്‍ ലോറിയും വിട്ടു കൊടുക്കണമെന്ന ആവശ്യം മാത്രമാണ് ചൈന ഉന്നയിച്ചത്.
പ്രശ്‌നം പരിഹരിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു.
വടക്കന്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ ഷിയാങ് ജില്ലയിലായിരുന്നു ചൈനീസ് കടന്നുകയറ്റം നടന്നത്. ഡോക്ലാമില്‍ 73 ദിവസം നീണ്ടുനിന്ന യുദ്ധസമാന സാഹചര്യം അവസാനിച്ച് മാസങ്ങള്‍ക്കകമാണ് ചൈന റോഡു നിര്‍മാണവുമായി മുന്നോട്ടു വന്നത്.ഇന്ത്യയാകട്ടെ ചൈനയുടെ ഏതൊരു നീക്കത്തിലും വളരെ ശ്രദ്ധ പുലര്‍ത്തുകയാണ് ഇപ്പോള്‍ . പാക്കിസ്ഥാനെ അമേരിക്ക തള്ളിയപ്പോഴും ചൈന സഹായവുമായി രംഗത്ത് വന്നതും ചാബഹാര്‍ തുറമുഖത്തില്‍ ചൈന വ്യോമതാവളം നിര്മിക്കാന്പദ്ധതിയിടുന്നതും എല്ലാം ഇന്ത്യന്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചു.