ഹോങ്കോംങ്ങ്: ഇസ്ലാം മതവിശ്വാസം ത്യജിക്കാനും രാജ്യത്തിന്റെ മാര്‍ക്‌സിസ്റ്റ് നിരീശ്വരവാദ നയത്തെ പിന്തുടരുവാനും ചൈനക്കാര്‍ക്ക് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ താക്കീത്. പ്രധാനമായും സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങളെ ഉദ്ദേശിച്ചാണ് സീ താക്കീത് നല്‍കിയത്. രണ്ടാമത് നാഷണല്‍ വര്‍ക്ക് കോണ്‍ഫറന്‍സ് ഓണ്‍ റിലീജിയനിലാണ് സിയുടെ പുതിയ പരാമര്‍ശം നടത്തിയത്.
പ്രവിശ്യയിലെ കൂടുതല്‍ ഭാഗങ്ങളിലുള്ള ജനങ്ങളും ഇപ്പോള്‍ പരിവര്‍ത്തനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലെ സര്‍ക്കാര്‍ ഇപ്പോഴാണ് അതിന്റെ അനന്തരഫലം തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാംഗിലേക്ക് ഇസ്ലാം മതം വ്യാപിക്കുന്നത് അവിടെ നിന്നാണ്. ഇതിനെതിരെ ചൈന പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിനു ഫലം കാണാതെ പോകുകയാണ്. പ്രസിഡന്റിന്റെ പുതിയ പരാമര്‍ശങ്ങള്‍ പാകിസ്ഥാനുമുള്ള സന്ദേശമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
മതപരമായ കാര്യങ്ങള്‍ രാജ്യത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ശക്തമായി തടയുമെന്നും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും സീ പറഞ്ഞു. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മതവിശ്വാസം രൂപം കൊള്ളുന്നത് രാജ്യത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ഇടയാക്കുമെന്ന് മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നുണ്ട്.
പ്രസിഡന്റിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയും മുസ്ലീം രീതികളായ ഹലാല്‍ ഉത്പന്നങ്ങളെ കുറിച്ച് കരുതലോടെയിരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയുമാണ് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍. മതവിശ്വാസങ്ങള്‍ പ്രചരിക്കുന്നത് തടയാനായി ഹലാല്‍ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്.
ഇസ്ലാമിനും ഇസ്ലാമിക പാരമ്പര്യത്തിനും എതിരായി പല പ്രസ്താവനകളും പുറത്തുവന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ പുതിയ നയങ്ങളെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സിന്‍ജിയാംഗില്‍ ഇസ്ലാംമതവിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്തുക, റംസാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുക, തലപ്പാവ് ധരിക്കുക, ഹലാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുക, ദിവസം അഞ്ചുതവണ പ്രാര്‍ത്ഥിക്കുക എന്നീ രീതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ദേശവിരുദ്ധമായി കണക്കാക്കി നശിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
–