പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ജിയോ ചെങ്ങ്യോങ്ങിനെ (54) ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. ആദ്യ കൊലപാതകത്തിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി നടപ്പിലാകുന്നത്. ചൈനയില്‍ ‘ചാക്ക് ദ റിപ്പര്‍’എന്ന പേരിലാണ് കൊടും കുറ്റവാളിയായ ജിയോ അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജിയോയെ തൂക്കി കൊല്ലാന്‍ വിധിച്ചത്. സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു. 1988 ലാണ് ജിയോ ആദ്യമായി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്ത് പേര്‍ ജിയോയുടെ ക്രൂരതയ്ക്ക് ഇരകളായി.
ജാന്‍സു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള സ്ത്രീകളായിരുന്നു ഇരകളില്‍ ഭൂരിഭാഗവും. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ ഉന്നംവയ്ക്കാറ്. ഇത്തരക്കാരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്ത് അറത്ത് കൊലപ്പെടുത്തും. മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും ജിയോയുടെ പതിവായിരുന്നു. ഇയാളുടെ ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസുകാരിയാണ്.
ജിയോ കൊന്ന സ്ത്രീകളില്‍ ചിലരുടെ ലൈംഗിക വയവങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നില്‍. അഞ്ച് വര്‍ഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസിന് ജിയോയെ പിടികൂടാനായത്.