ബീജിംഗ്: ജനസംഖ്യ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തില്‍ കൊണ്ടുവന്ന ഒറ്റക്കുട്ടി നയത്തില്‍ നിന്നും ചൈന പിന്മാറുന്നു. പുതിയ ശിശു നയം അനുസരിച്ച് ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ ആകാമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ദമ്പതികള്‍ക്ക് ഇനി രണ്ടു കുട്ടികള്‍ ആവാമെന്ന് രാജ്യത്തെ ഒൗദ്യോഗിക വെബ്സൈറ്റായ സിന്‍ഹുവയില്‍ വന്ന റിപോര്‍ട്ടില്‍ പറയുന്നു. നാലു ദിവസം നീണ്ട യോഗത്തില്‍ ആണ് ചൈനയിലെ ഭരണപാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
1979ല്‍ നടപ്പാക്കിയ നയം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, പുതിയ നടപടി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചക്ക് പ്രധാനമായും സംഭാവന നല്‍കിയത് ഒറ്റക്കുട്ടി നയമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.എന്നാല്‍, ഒറ്റക്കുട്ടി നയം ചൈനയുടെ സാമൂഹ്യ വ്യവസ്ഥയെ പോലും പ്രതിലോമകരമായി ബാധിച്ചിരുന്നു. ദീര്‍ഘ നാളത്തെ നിയന്ത്രണം ജനസംഖ്യയില്‍ കടുത്ത അസന്തുലിത്വം തീര്‍ത്തു. വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടി.
ഈ നയം മൂലം ഇതുവരെയായി 40 കോടി കുഞ്ഞുങ്ങള്‍ക്കാണ് ഭൂമിയില്‍ പിറന്നുവീഴാനുള്ള അവസരം നിഷേധിക്കപ്പെട്ടത്. ഇത് അതിക്രമിച്ച ദമ്പതികള്‍ക്ക് പിഴയും തൊഴില്‍ നഷ്ടവുമടക്കം നിരവധി ശിക്ഷ അനുഭവിക്കേണ്ടിവന്നു. നിരവധി അമ്മമാരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയരാക്കി.2013ല്‍ ഈ നയത്തില്‍ പരിമിതമായ ഇളവുകള്‍ വരുത്തിയിരുന്നു. നഗരങ്ങളില്‍ ജീവിക്കുന്ന ദമ്പതികള്‍ക്ക് മാത്രം രണ്ടാമത്തെ കുഞ്ഞ് ആവാമെന്നായി. എന്നാല്‍, ഈ അവസരം കുറഞ്ഞ വിഭാഗം ആളുകളില്‍ ഒതുങ്ങി.