സ്വന്തം ലേഖകൻ
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയിൽ നിന്നും 1448 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.
ഇന്ത്യൻ സമയം രാവിലെ എട്ടു മണിയോടടുപ്പിച്ച് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോക്കറ്റ് വീണതെന്നാണ് ചൈനീസ് സ്‌പേസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ട്.
ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. വിവിധ സ്‌പേസ് ഏജൻസികൾ റോക്കറ്റ് വീഴാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് സമീപമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾതന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു.. ലോംഗ് മാർച്ച് 5 ബി റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ് അധികൃതർ വ്യക്തമാക്കി.
100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്. ഏപ്രിൽ 29നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്.
ടിയാൻഹെ മൊഡ്യൂളിൽനിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.