ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്ത് പൊതിഞ്ഞു പിടിച്ച് മരണത്തെ പുല്‍കിയ അച്ചന്റെ ചിത്രം ലോകമനസാക്ഷിക്ക് മുന്നില്‍ അച്ഛന്റെയും മക്കളോടുള്ള സ്‌നേഹത്തിന്റെ തീവ്രത കാട്ടിത്തരുന്നു.ചൈനയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ഒന്നിനുപിറകേ ഒന്നായി തകര്‍ന്നുവീഴുമ്പോഴും തന്റെ മകളെ കെട്ടിപ്പുണര്‍ന്ന്, രക്ഷിക്കാനുള്ള അച്ഛന്റെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ വിധിക്കുപോലും ആയില്ല. ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ മൂന്നു വയസ്സുകാരിയായ തന്റെ മകളെ രക്ഷിക്കാനായിരുന്നു 26 കാരനായ പിതാവിന്റെ ശ്രമം. മരിച്ച് മരവിച്ചിട്ടും ആ കൈ ഒട്ടും മാറിയില്ല.
ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്ത് പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു. കുഞ്ഞിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. വു നിങ്‌സ് എന്ന യുവാവാണ് കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചത്. എന്നാല്‍ വു നിങ്‌സ് മരണത്തിന് കീഴടങ്ങിയിരുന്നു.12 മണിക്കൂറിലധികം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. കെട്ടിടത്തിനിടയില്‍ നിന്ന് മൃതദേഹം നീക്കം ചെയ്യുന്നതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.സിമന്റ് തൂണുകള്‍ അടക്കമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങിയപ്പോഴും തന്റെ ജീവന്റെ ജീവനായ കുഞ്ഞിനെ കൈവിടാന്‍ അച്ഛന്‍ തയ്യാറായില്ല. അച്ഛന്റെ ആ ആത്മസമര്‍പ്പണമാണ് വു നിങ്‌സിയെന്ന മൂന്നുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ഷെജിയാംഗിലെ കിഴക്കന്‍ പ്രവിശ്യയിലെ വെന്‍ഷൂവിലാണ് സംഭവം. നിര്‍മ്മാണതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പഴക്കമേറിയ കെട്ടിടത്തിലായിരുന്നു വു നിങ്‌സിയും, ഷൂ ഫാക്ടറിയില്‍ ജോലിക്കാരനായ പിതാവും കുടുംബവും താമസിച്ചിരുന്നത്. കാലപ്പഴക്കത്തെത്തുടര്‍ന്ന് ഇന്നലെ വു നിങ്‌സിയും കുടുംബവും താമസിച്ചിരുന്ന ആറുനില കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തിരിച്ചിലിനിടെയാണ് 12 മണിക്കൂറിനുശേഷം അച്ഛനെയും മകളെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത് .അപകടത്തില്‍ വുവിന്റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.