വാഷിങ്ടണ്‍: ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കടുത്ത പീഡനങ്ങളാണെന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ചൈനയിലെ വടക്കന്‍ മേഖലയിലെ പ്രദേശമാണ് സിന്‍ജിയാങ്. ഇവിടെയാണ് ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂടുതല്‍ താമസിക്കുന്നത്. 20 ലക്ഷം ഉയ്ഗൂര്‍ മുസ്ലിംകളാണ് ചൈനീസ് തടവറകളിലുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. മതവിശ്വാസം ഒഴിയണമെന്നാണ് ഇവരോട് ചൈനീസ് പോലീസ് പ്രധാനമായും ആവശ്യപ്പെടുന്നത്.ചൈനയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് 26 രാജ്യങ്ങളില്‍ നിന്നുള്ള 270 സാമൂഹിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറയുന്നു. പ്രാദേശിക ഭാഷ സംസാരിക്കരുത്, മതവിശ്വാസം ഉപേക്ഷിക്കണം, മറ്റു ആരാധനകള്‍ പാടില്ല തുടങ്ങിയവയാണ് ചൈനീസ് പോലീസിന്റെ ആവശ്യം.ഉയ്ഗൂര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയാണ് തനിക്ക് നേരിട്ട പീഡനം സംബന്ധിച്ചും പുറംലോകം അറിയാതെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ കുറിച്ചും വെളിപ്പെടുത്തിയത്. വാഷിങ്ടണിലെത്തിയ മിഹ്രിഗുല്‍ തുര്‍സുന്‍ ആണ് ചൈനീസ് പോലീസിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ അക്കമിട്ട് നിരത്തിയത്.
പീഡിപ്പിക്കുന്ന വേളയില്‍ പോലീസുകാര്‍ പറയുമായിരുന്നുവത്രെ, ഉയ്ഗൂര്‍ മുസ്ലിംകളായതാണ് നിങ്ങള്‍ ചെയ്ത തെറ്റ് എന്ന്… ആഗോളതലത്തില്‍ ചൈനക്കെതിരെ പ്രതിഷേധമുയരുകായാണിപ്പോള്‍.ഉയ്ഗൂര്‍ മുസ്ലിംകളെ പിടികൂടി ചൈനീസ് പോലീസ് പ്രത്യേക ക്യാംപില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മതവിശ്വാസം ഒഴിയാനും കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കാനുമാണ് അറസ്റ്റ്. തടവില്‍ ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കുന്നു. 20 ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ ചൈനയിലെ രഹസ്യതടവറകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉറങ്ങാന്‍ അനുവദിക്കാതെയാണ് ചോദ്യം ചെയ്യല്‍. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റമാണ് പലര്‍ക്കുമെതിരെ ചുമത്തിയത്. തുര്‍സുനെ നാല് ദിവസം ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. തുടര്‍ച്ചയായി ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു. അനാവശ്യമായ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചതെന്നും തുര്‍സുന്‍ പറയുന്നു.ഉര്‍സുനിന്റെ തല മൊട്ടയടിച്ചു. അനാവശ്യമായി വൈദ്യ പരിശോധനകള്‍ നടത്തി. യുവതികള്‍ക്ക് വെളുത്ത ലായനി കുടിക്കാന്‍ നല്‍കുമായിരുന്നു. ഇതുകുടിച്ച ശേഷം പലരുടെയും ആര്‍ത്തവം നിലച്ചു. പലര്‍ക്കും അമിതമായ രക്തസ്രാവമുണ്ടായി. തടവറകളില്‍ മതിയായ വസ്ത്രങ്ങളോ ചികില്‍സയോ ഈ ഘട്ടത്തിലും അനുവദിച്ചിരുന്നില്ല.
29കാരിയായ തുര്‍സുനിനെ മൂന്ന് തവണയാണ് ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ഞങ്ങളെ കൊന്നുകൂടേ എന്ന് താന്‍ പോലീസിനോട് ചോദിച്ചുവെന്ന് അവര്‍ പറയുന്നു. വാഷിങ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തുര്‍സുന്‍.
ചൈനയില്‍ ജയിലിലും പുറത്തും മുസ്ലിംകളെ പോലീസ് നിരീക്ഷിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. പള്ളികളിലും സിസിടിവി ക്യാമകള്‍ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കുന്നതിന് നിയന്ത്രണമുണ്ട്. സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.ഉന്നത പഠനാവശ്യാര്‍ഥമാണ് തുര്‍സുന്‍ ഈജിപ്തിലേക്ക് പോയത്. . അവിടെ വച്ച് വിവാഹം നടന്നു. ഒരു പ്രസവത്തില്‍ തന്നെ മൂന്ന് കുട്ടികളുടെ അമ്മയുമായി. 2015ല്‍ ബന്ധുക്കളെ കാണാന്‍ തിരിച്ച് ചൈനയിലേക്ക് വന്നു. ഈ വേളയിലാണ് ആദ്യം അറസ്റ്റിലായത്. കുട്ടികളെ കാണാന്‍ പിന്നീട് അനുവദിച്ചില്ല.മൂന്ന് മാസത്തിന് ശേഷം തുര്‍സുനിനെ വിട്ടയച്ചു. അപ്പോള്‍ ഒരു കുട്ടി മരിച്ചിരുന്നു. മറ്റു രണ്ടുകുട്ടികള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ ആരോഗ്യം ക്ഷയിച്ചിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അറസ്റ്റിലായി. പിന്നീട് കടുത്ത പീഡനമായിരുന്നു. ശേഷം വിട്ടയച്ചു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും പോലീസ് പിടിച്ചുകൊണ്ടുപോയി.
മൂന്നാംതവണ പിടിച്ചുകൊണ്ടുപോയപ്പോള്‍ 60 സ്ത്രീകളെ പാര്‍പ്പിച്ച സെല്ലിലാണ് തുര്‍സുനിനെയും പാര്‍പ്പിച്ചത്. കക്കൂസില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേസമയം ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുന്ന പാട്ടുകള്‍ നിര്‍ബന്ധമായി പാടിക്കുമായിരുന്നു.
യാതൊരു കാരണവുമില്ലാതെ മരുന്നുകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ഇതിന് ശേഷം മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവം നിലച്ചു. പലര്‍ക്കും അമിതമായ രക്തസ്രാവമുണ്ടായി. മൂന്ന് മാസത്തിനിടെ ഒമ്പതു സ്ത്രീകള്‍ സെല്ലില്‍ മരിച്ചുവീണു. ഓരോരുത്തരെ പോലീസ് വിളിപ്പിക്കും. കൈകാലുകള്‍ ബന്ധിപ്പിച്ച് കസേരയില്‍ കെട്ടിയിടും. ഷോക്കേല്‍പ്പിക്കും. തലച്ചോറ് പിളരുന്ന വേദനയുണ്ടാകുമെന്നും തുര്‍സുന്‍ പറയുന്നു.ഉയ്ഗൂര്‍ മുസ്ലിംകളായി എന്നതാണ് നിങ്ങള്‍ ചെയ്ത തെറ്റ് എന്ന തടവുകാരോട് പോലീസ് പറയുമായിരുന്നു. പിന്നീട് മോചിതയായ ശേഷം തുര്‍സുന്‍ ഈജിപ്തിലേക്ക് പോയി. എന്നാല്‍ ചൈനയിലേക്ക് വീണ്ടും വിളിപ്പിച്ചു. സപ്തംബറില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അവിടെക്ക് കുടിയേറി. വെര്‍ജീനിയയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തുര്‍സുന്‍.