അച്ഛനെയും അമ്മയേയും ബന്ധുക്കളേയുമെല്ലാം വാടകയ്ക്ക് എടുത്ത് കാമുകിയെ സ്വന്തമാക്കുന്ന കാമുകന്റെ കഥ നമ്മൾ സിനിമയിൽ മാത്രം കാണുന്നതാണ്. എന്നാല്‍ ശരിക്കും ജീവിതത്തില്‍ അങ്ങനെ സംഭവിച്ചാലോ ചൈനയിലാണ് സംഭവം നടന്നത്. വാംഗ് എന്നു യുവാവാണ് തന്റെ വിവാഹത്തിന് വാടകബന്ധുക്കളായി 200 പേരെ എത്തിച്ചത്. ഇതില്‍ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വരന്‍ കുറ്റം സമ്മതിച്ചത്.
സിയാനിലുള്ള ഒരു വലിയ ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സമയമായപ്പോള്‍ വരന്റെ ബന്ധുക്കള്‍ക്കായുള്ള കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് വധുവിന്റെ ബന്ധുക്കള്‍ ശ്രദ്ധിച്ചു. വരനോട് കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയായിരുന്നു ലഭിച്ചത്. കുറച്ചു പേര്‍ വന്നപ്പോള്‍ അവരോട് വാംഗിന്റെ ആരാണന്ന് ചോദിച്ചു. തങ്ങള്‍ വരന്റെ സുഹൃത്തുക്കളാണെന്നാണ് മറുപടി ലഭിച്ചത്.
പക്ഷെ എങ്ങനയാണ് വാംഗുമായുള്ള പരിചയം എന്നു ചോദിച്ചപ്പോള്‍ മറുപടി ഒന്നുമില്ലായിരുന്നു. വിവാഹത്തിന് സമയമായിട്ടും മാതാപിതാക്കള്‍ എന്താണ് വരാത്തത് എന്ന് അന്വേഷിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വാംഗ് സത്യം തുറന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി വരന്റെ ‘ബന്ധുക്കളെ’ ചോദ്യം ചെയ്തു. എല്ലാവരും പേടിച്ച് സത്യം തുറന്നുപറയുകയായിരുന്നു. ഇതിന് മുന്‍പ് വാംഗിനെ കണ്ടിട്ടുപോലുമില്ലന്നായിരുന്നു അവരുടെ മറുപടി.
ടാക്‌സി ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് വാംഗിന്റെ ബന്ധുക്കളായി എത്തിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വാംഗ് തങ്ങളുമായി കച്ചവടം ഉറപ്പിച്ചതെന്നും 80 യുവാന്‍ തരാമെന്ന് പറഞ്ഞെന്നും വന്നവര്‍ അറിയിച്ചു. വാംഗും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നു. ഇതു മുതലെടുത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 1.1 മില്യണ്‍ യുവാന്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് 20 വയസുമാത്രമേ ഉള്ളു എന്ന് സത്യം അധികാരികള്‍ക്ക് മനസിലാകുന്നത്. നിയമപരമായി ചൈനയില്‍ വിവാഹം കഴിക്കുന്നതിന് 22 വയസ് പൂര്‍ത്തിയാകണം.സംഭവം ചാനലുകളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വാംഗിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം തിരികെ നല്‍കാമെന്നേറ്റിട്ടുണ്ട്.