ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം, കുട്ടനാട്ടിലെ കൊഴിഞ്ഞുപോക്ക്, അശ്ലീല വീഡിയോ വിവാദം, രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ആലപ്പുഴ ഡിവൈഎഫ്ഐയിലെ പുതിയ വിവാദം.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ആഡംബര റിസോർട്ടിൽ താമസിച്ചതിനെ അസഭ്യം പറഞ്ഞു ഡിവൈഎഫ്ഐ നേതാവ് ഇട്ട വാട്സ്ആപ്പ് സ്റ്റാറ്റസാണ് കലഹത്തിന് കാരണം.
ആലപ്പുഴ ഡിവൈഎഫ്ഐ സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ നേതാവുമായ നിതിൻ എംഎൻ ആണ് ചിന്തയെ അസഭ്യം പറഞ്ഞുകൊണ്ട് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്
. ചിന്തയെ അസഭ്യം പറയുന്ന രീതിയിലുള്ള സ്റ്റാറ്റസ് പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ സ്റ്റാറ്റസിനെതിരെ വ്യാപകമായ പരാതി ഉയർന്നു. സംഘടനയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിന് ചേരാത്ത രീതിയിലുള്ള പ്രവർത്തനമാണ് ഉണ്ടായതെന്നും, ഡിവൈഎഫ്ഐ നേതാവ് നിതിന്റെ പോസ്റ്റ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാണിച്ച് സൗത്ത് ഏരിയ കമ്മിറ്റിയിലെ ഭാരവാഹിയായ വനിതാ പ്രവർത്തകർ തന്നെ ജില്ലാ സെക്രട്ടറിയെ പരാതി അറിയിച്ചു.
തൽക്കാലം രേഖാമൂലം പരാതി വേണ്ടെന്നാണ് ഡിവൈഎഫ്ഐ നേതൃത്വം പരാതി അറിയിച്ച ആളോട് പറഞ്ഞത്. മാധ്യമങ്ങളും പ്രതിപക്ഷവും ചിന്താ ജെറോമിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഡിവൈഎഫ്ഐ നേതാക്കൾ തന്നെ അതിന് കൂട്ടുനിൽക്കുന്നു എന്നാണ് വിമർശനം.
വാട്സ്ആപ്പ് വഴി ചിന്താ ജെറോമിനെ അപമാനിച്ച നിതിനെ പുറത്താക്കണം എന്ന് ആവശ്യം ഡിവൈഎഫ്ഐക്കുള്ളിൽ തന്നെ ശക്തമാവുകയാണ്.