തിരുവനന്തപുരം: വായില്‍ വിപ്ലവം മാത്രം പറയുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വന്തം കാര്യം വരുമ്പോള്‍ ജാതിയും മതവുമൊക്കെ എടുത്തണിയും. എസ് എഫ് ഐ നേതാവായിരുന്ന ചിന്ത ജെറോമാണ് ഈ ഗണത്തിലെ ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ട താരം. തീപ്പൊരി പ്രഭാഷകയും മുന്‍ എസ് എഫ് ഐ നേതാവുമായ ചിന്ത ജെറോം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആയിരം നാവാണ്. ജാതി മത വിരുദ്ധ നിലപാടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അടിയുറച്ച കമ്യുണിസ്റ്റുകാരിയും. എന്നാല്‍ സ്വന്തം വിവാഹലോചനക്കായി മതവും ജാതിയുമൊക്കെ രേഖപ്പെടുത്തിയാണ് വരനെ തേടുന്നത്. അതും പള്ളിയലച്ചന്‍മാര്‍ നേരിട്ട് നടത്തുന്ന വിവാഹ സൈറ്റിലും.
28 വയസുകാരിയായ ചിന്ത വരനെ തേടി നല്‍കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആണെങ്കിലും ഇക്കാര്യം തൊഴിലായി പറയുന്നില്ല. അധികം താമസിയാതെ അധ്യാപന ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് പരസ്യത്തിലുള്ളത്. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് കത്തോലിക്കാ വിശ്വാസി തന്നെയായ വരനെ തേടുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. മാത്രമല്ല, ചാവറ മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്നെ തെറ്റാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.