തിരുവനന്തപുരം: ഏഷ്യനെറ്റും ന്യൂസ് 18 കേരളവും കാവിവല്‍ക്കരണത്തിന്റെ വേഗതകൂട്ടുമ്പോള്‍ ഏഷ്യനെറ്റില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് 18ലേയ്ക്ക് ചുവട് മാറുന്നു. റിലയന്‍സ് നല്‍കുന്ന ഭീമമായ ശമ്പളമാണ് മാധ്യമ പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഏഷ്യനെറ്റിയെ ജനപ്രിയ പരിപാടിയായ ചിത്രം വിചിത്രം അവതാരകരായ ലല്ലും ഗോപികൃഷ്ണനും ഏഷ്യനെറ്റില്‍ നിന്ന് പടിയിറങ്ങി ന്യൂസ് 18 നില്‍ അടുത്ത ദിവസങ്ങളില്‍ എത്തും. മീഡയി വണിന്റെ സുപ്രധാന മുഖമായിരുന്ന ഇ സനീഷും ന്യൂസ് 18ലേക്ക് തന്നെയാണെന്നാണ് സൂചന. ഏഷ്യനെറ്റില്‍ നിന്ന് വാര്‍ത്താവതാരകനായ ശരത് ചന്ദ്രനും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
ഈ മാസം അഞ്ചിനാണ് രാജിക്കത്ത് നല്‍കിയത്. അടുത്ത മാസം ആദ്യം ഇവര്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താചാനലായ ന്യൂസ് 18-ല്‍ ചേരും. ന്യൂസ് 18ലും ആക്ഷേപഹാസ്യ പരിപാടിയുടെ ചുമതലയാകും ലല്ലുവിനും ഗോപീകൃഷ്ണനുമുണ്ടാകുക. മീഡിയാവണ്ണില്‍ നിന്ന് രാജിവെച്ച ഇ സനീഷും ന്യൂസ് 18ലേക്കെന്നാണ് സൂചന.
റേറ്റിംഗില്‍ മുകളിലുള്ള ചിത്രം വിചിത്രത്തിന്റെ അവതാരകര്‍ രാജി വെച്ചതോടെ പരിപാടി ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യാവിഷനിലും മാതൃഭൂമി ന്യൂസിലും ആക്ഷേപഹാസ്യ പരിപാടികള്‍ ചെയ്തിരുന്ന ജോര്‍ജ് പുളിക്കന്‍ ഏഷ്യനെറ്റിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.