കോവിഡ് ഇളവുകളുടെ പ്രയോജനം തകര്‍ക്കുന്നത് പരിഹരിക്കണം: ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍

തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച് അപാകത പരിഹരിച്ച് സ്വകാര്യ ചിട്ടി മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന് ഓള്‍ കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ഫയലിങ്ങുകള്‍ക്ക് 40 ദിവസം ഇളവനുവദിച്ച ഉത്തരവിറങ്ങിയത് 28 ദിവസം പിന്നിട്ടശേഷമാണ്. കോവിഡ് രോഗബാധയും കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനവും ബാലന്‍സ്ഷീറ്റ് ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി നല്‍കേണ്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പാടെ സ്തംഭനാവസ്ഥയിലാക്കിയിരുന്നു. ചിട്ടി സ്ഥാപനങ്ങളാകട്ടെ വ്യത്യസ്ത ഇടവേളകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ അടച്ചിടലിന് വിധേയമായത് നിയമാനുസൃതരേഖകള്‍ പൂര്‍ത്തിയാക്കലിന് മറ്റൊരു വെല്ലുവിളിയായി. ഈ സാഹചര്യം മൂലമുണ്ടായ വിവിധ ബാലന്‍സ്ഷീറ്റ് ഫയലിങ്ങ് വീഴ്ചയായി കാണുന്ന രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതരാകട്ടെ വന്‍പിഴയാണ് ആവശ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് പ്രതിസന്ധി വരിക്കാര്‍ക്ക് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം തവണയടവുകള്‍ ഗണ്യമായി കുറഞ്ഞതിന്റെ പ്രത്യാഘാതങ്ങളില്‍ ഞെരുങ്ങുന്ന സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ തുടര്‍പ്രവര്‍ത്തനം കടുത്ത വെല്ലുവിളിയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ആശ്വാസമായി സര്‍ക്കാര്‍ ഇടപെടലും ഫയലിങ്ങ് കാലാവധി നവംബര്‍ 31 വരെയെങ്കിലും നീട്ടി നല്‍കലും വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, രജിസ്ട്രഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

കോമ്പൗണ്ടിങ്ങ് നിബന്ധനയില്‍ ചിട്ടി സ്ഥാപനങ്ങള്‍ക്കനുകൂലമായ സര്‍ക്കാര്‍ ഉത്തരവുണ്ടായെങ്കിലും വേണ്ടത്ര വ്യക്തത പിഴ സംബന്ധിച്ചില്ലാത്തത് ഉപകാരത്തേക്കാള്‍ ഉപദ്രവമാക്കുന്ന സാഹചര്യമുണ്ടാക്കിയത് ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചിട്ടി ചട്ടമനുസരിച്ച് മൂന്ന് സമാനമായ ചട്ടലംഘനങ്ങള്‍ സംഭവിച്ചാല്‍ പിന്നെ പിഴയടച്ച് രാജിയാകാന്‍ അവസരമുണ്ടായിരുന്നില്ല. നിയമവും ചട്ടവും സംബന്ധിച്ച് തുടക്കത്തിലുണ്ടായിരുന്ന അജ്ഞത മൂലം സംഭവിച്ച നിസ്സാരചട്ടലംഘനങ്ങള്‍ മൂന്നെണ്ണമായാല്‍ ചിട്ടിയുടെയും ചിട്ടിസ്ഥാപനത്തിന്റെയും പ്രവര്‍ത്തനം മുടങ്ങുന്ന അവസ്ഥ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉപേക്ഷിച്ച് ഇറക്കിയ ഉത്തരവില്‍ പരമാവധി പിഴയെത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതുമൂലം കാലഹരണപ്പെട്ട ഉത്തരവിലെ പരമാവധി പിഴ ഓരോ ലംഘനങ്ങള്‍ക്കും ബാധകമാക്കി താങ്ങാനാവാത്ത പിഴയടക്കേണ്ട നിബന്ധന നടപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറാകുകയാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്ന ഈ നിലപാട് മാറ്റാന്‍ പരമാവധി പിഴ യുക്തസഹമായി നിശ്ചയിച്ച പുതിയ ഉത്തരവിറക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.മന്ത്രി കെ.രാജന്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡേവിഡ് കണ്ണനായ്ക്കല്‍, ജനറല്‍ സെക്രട്ടറി വി.ടി.ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് അംഗം എം.ജെ. ജോജി എന്നിവരടങ്ങിയ നിവേദ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Top