ശരീര കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീര ധര്‍മങ്ങള്‍ക്കാവശ്യമായ കൊളസ്ട്രോള്‍ രണ്ടു രീതിയിലാണ് ലഭിക്കുന്നത്. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നും, കരള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നും. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശരീര കോശങ്ങള്‍ കൊളസ്ട്രോളിനെ നിര്‍മിക്കുന്നത്. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ അളവാണ് കരളിന്റെ കൊളസ്ട്രോള്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നത്. ഭക്ഷണത്തില്‍ നിന്ന് ധാരാളം കൊളസ്ട്രോള്‍ ലഭിക്കുമ്പോള്‍ കരളിന്റെ ഉല്‍പാദനം കുറയും. കൊളസ്ട്രോള്‍ ശരീരത്തില്‍ സംയോജിക്കപ്പെടുമെന്നതിനാല്‍ ഭക്ഷണത്തില്‍ കൊളസ്ട്രോള്‍ ഉണ്ടായിരിക്കണമെന്നില്ല. ഫാറ്റി ആസിഡ്, ട്രൈഗ്ലിസറൈഡ്, ഫോസ്ഫോലിപ്പിഡുകള്‍, കൊളസ്ട്രോള്‍ എന്നിവയെല്ലാം ശരീരത്തിലെ പ്രധാന കൊഴുപ്പുകളാണ്. ഹൃദ്രോഗങ്ങള്‍, മസ്തിഷ്കാഘാതം തുടങ്ങിയ പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്നതുകൊണ്ടുതന്നെ രക്തത്തിലെ കൊളസ്ട്രോള്‍ മറ്റു കൊഴുപ്പുകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
കൊളസ്‌റ്ററോളിന്റെ ഗുണങ്ങള്‍ മറക്കരുത്
എത്രയെല്ലാം ഭീഷണയുളവാക്കുന്നതായാലും കൊളസ്‌റ്ററോള്‍ കൂടാതെയുള്ളൊരു ജീവിതം അസാധ്യമാണെന്നോര്‍ക്കണം. കോശനിര്‍മാണപ്രക്രിയയില്‍ കൊളസ്‌റ്ററോളിന് സുപ്രധാന പങ്കുണ്ട്. കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയയ്‌ക്ക് ഇത് ചുക്കാന്‍ പിടിക്കുന്നു.വിവിധ ന്യൂറോണുകളുടെ ആവരണങ്ങളില്‍ കൊളസ്‌റ്ററോള്‍ സുലഭമാണ്. ശരീരത്തിലെ വിവിധയിനം കൊഴുപ്പുകളുടെയും കൊഴുപ്പില്‍ മാത്രം ലയിക്കുന്ന സവിശേഷതരം ജീവകങ്ങളുടെയും (വിറ്റാമിന്‍ എ.ഡി.ഇ.കെ) ആഗിരണത്തെ കൊളസ്‌റ്ററോളിന്റെ സാന്നിധ്യം സജീവമാകുന്നു.
ശരീരത്തിന്റെ സുപ്രധാന ഉപാപചയ പ്രക്രിയകള്‍ക്കും സമൂലമായ പ്രവര്‍ത്തനപന്ഥാവിനും ചുക്കാന്‍ പിടിക്കുന്ന വിവിധയിനം സ്‌റ്റിറോയിഡ് ഹോര്‍മോണുകളുടെ (കാറ്റകോളമിന്‍സ്, കോര്‍ട്ടിസോള്‍, ആള്‍ഡിഡോസ്‌റ്റിറോണ്‍) ഉല്‌പാദനം കൊളസ്‌റ്ററോളില്‍ നിന്നാണ്.ലൈംഗിക ഈസ്‌ട്രജന്‍, ടെസ്‌റ്റോസ്‌റ്ററോണ്‍ ഇവകളുടെ ഉത്ഭവവും കൊളസ്‌റ്ററോളില്‍ നിന്നുതന്നെ. ചര്‍മത്തിലുള്ള കൊളസ്‌റ്ററോള്‍ ജലാംശം നഷ്‌ടപ്പെടാതെ സൂക്ഷിച്ച് രോഗാണുബാധയില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. കൊളസ്‌റ്ററോളിന്റെ മുഖ്യസ്രോതസ് സസ്യേതരഭക്ഷണപദാര്‍ത്ഥങ്ങളാണ്.മൃഗക്കൊഴുപ്പിന്റെ ആദ്യഘടകം ട്രൈഗ്ലിസറൈഡുകളുടെ സമ്മിശ്രവും ഫോസ്‌ഫോലിപ്പിഡുകളും കൊളസ്‌റ്ററോളുമാണ്. തന്മൂലം മുഗക്കൊഴുപ്പുള്ള എല്ലാ ആഹാരപദാര്‍ത്ഥങ്ങളിലും കൊളസ്‌റ്ററോള്‍ സുലഭമാണ്. മുട്ടയുടെ മഞ്ഞക്കരു, ആട്ടിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി, ചീസ്, വെണ്ണ, ചെമ്മീന്‍, മുലപ്പാല്‍ ഇവകളില്‍ കൊളസ്‌റ്ററോളിന്റെ അളവ് കൂടുതലാണ്.കരളാണ് കൊളസ്‌റ്ററോള്‍ ഫാക്‌ടറി കൊളസ്‌റ്ററോള്‍ ഉല്‌പാദിപ്പിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട ഫാക്‌ടറി കരളാണ്. ഏതാണ്ട് 80 ശതമാനം അവിടെ ഉല്‌പാദിപ്പിക്കപ്പെടുന്നു. അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന അസറ്റൈല്‍ – കൊ- എ എന്ന ഘടകത്തില്‍ നിന്നാണ് കൊളസ്‌റ്ററോള്‍ നിര്‍മിക്കപ്പെടുന്നത്.
അതുകൂടാതെ അഡ്രിനല്‍ ഗ്രന്ഥി, ജനനേന്ദ്രിയവ്യൂഹം എന്നിവിടങ്ങളിലും ഇത് ഉല്‌പാദിപ്പിക്കപ്പെടുന്നു. കൊളസ്‌റ്ററോളിന്റെ ഉല്‌പാദനം ശരീരത്തിലെ അതിന്റെ അളവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നാം ആഹരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൊളസ്‌റ്ററോളിന്റെ അംശം അധികമെങ്കില്‍ ശരീരത്തിലെ ഉല്‌പാദനം കുറയും. അതുപോലെ മറിച്ചും. എന്നാല്‍ ആഹാരത്തില്‍ ആകെയുള്ള കൊളസ്‌റ്ററോളിന്റെ അളവ് വര്‍ധിക്കും.
മലയാളികളുടെ ഇറച്ചിഭ്രമം
മലയാളികളിലെ കൊളസ്‌റ്ററോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായി ഈയടുത്തകാലത്ത് നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഒരു ദിവസം മലയാളി കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരം. കേരളത്തിലെ മൃഗസംരക്ഷണവകുപ്പ് 2011-ല്‍ നടത്തിയ നിരീക്ഷണങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്‌ഥാനം കേരളം തന്നെ.
കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികമായ അധ്വാനങ്ങളിലേര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറയുന്നതായി കാണുന്നു. ഒപ്പം കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങളായ ഫാസ്‌റ്റ് ഫുഡും ഫ്രൈയും പൊരിച്ചതും വറുത്തതുമായ മറ്റിനങ്ങളും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു.സ്വന്തം പറമ്പില്‍ കൃഷിചെയ്‌ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‌പര്യവും സമയവും നഷ്‌ടപ്പെട്ട മലയാളികള്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. അങ്ങനെ സസ്യാഹാരം മാംസവിഭവങ്ങള്‍ക്ക് വഴിമാറി.ഫലമോ, ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് 50 ശതമാനം കൊളസ്‌റ്ററോള്‍ രോഗികളാണ് കേരളത്തിലുള്ളതെന്ന് 2013-ല്‍ ഇവിടെ നടന്ന ഒരു പഠനം സ്‌ഥിരീകരിക്കുന്നു. 30 വയസ് കഴിഞ്ഞ സിംഹഭാഗം കേരളീയരും കൊളസ്‌റ്ററോള്‍ രോഗികളായിത്തീരുന്നു.14 വയസില്‍ താഴെയുള്ള കുട്ടികളിലും കൊളസ്‌റ്ററോള്‍ ക്രമംതെറ്റിക്കാണുന്നു. അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണവും വര്‍ധിച്ചുകാണുന്നു.
കൊളസ്ട്രോളിന്റെ ധര്‍മ്മം
ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതപ്പെടുത്തുക, ശരീര കോശങ്ങളെ സംരക്ഷിക്കുക, ശരീരത്തിന്റെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ നോക്കുക, ജീവകങ്ങളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണത്തെ സുഗമമാക്കുക എന്നീ സുപ്രധാന ധര്‍മങ്ങള്‍ക്കു പുറമെ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു.
വിവിധതരം കൊളസ്ട്രോളുകള്‍
എച്ച്.ഡി.എല്‍. അഥവാ സാന്ദ്രത കൂടിയ കൊളസ്ട്രോള്‍, സാന്ദ്രത കുറഞ്ഞ എല്‍.ഡി.എല്‍. കൊളസ്ട്രോള്‍, വളരെ സാന്ദ്രത കുറഞ്ഞ വി.എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ എന്നിവയാണ് പ്രധാന കൊളസ്ട്രോളുകള്‍. എല്‍.ഡി.എല്‍ന്‍റെ അളവ് കൂടുമ്പോള്‍ രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് കൊളസ്ട്രോള്‍ അടിഞ്ഞുകൂടി ധമനികള്‍ ജരിതാവസ്ഥയിലാകുന്നു. ഇത് ശരീരത്തിലെ സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ഹൃദ്രോഗം പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. എല്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി ധമനികളുടെ ജരിതാവസ്ഥയെ തടയാന്‍ സഹായിക്കുന്നതാണ് എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍. ഇതിനെ നല്ല കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു. ശരീരത്തിന് ഉപയോഗപ്രദമായ എച്ച്.ഡി.എല്ലിന്റെ അളവ് കുറയുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്നു. പ്രമേഹം, അമിതവണ്ണം, പുകവലി, വ്യായാമക്കുറവ്, പാരമ്പര്യ ഘടകങ്ങള്‍ ഇവയൊക്കെ എച്ച്.ഡി.എല്ലിന്റെ അളവ് കുറയ്ക്കാനിടയാക്കിയേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുട്ടയുടെ മഞ്ഞ, കരള്‍, ആടുമാടുകളുടെ ഇറച്ചി, ചെമ്മീന്‍, ഞണ്ട്, കക്ക, കൂന്തള്‍, വെണ്ണ, നെയ്യ് അടങ്ങിയ ഭക്ഷണം എന്നിവയില്‍ കൂടുതല്‍ കൊഴുപ്പുള്ളതിനാല്‍ കൊളസ്ട്രോള്‍ അധികമുള്ളവര്‍ കഴിക്കരുത്. ഐസ്ക്രീം, ബേക്കറി, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. ഇത് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇലക്കറികള്‍, ബീന്‍സ്, അമര, വാഴത്തണ്ട് എന്നിവയിലും പേരക്ക, വാഴപ്പഴം, സപ്പോട്ട പോലുള്ള പഴവര്‍ഗങ്ങളിലും ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. വെള്ളം ധാരാളം കുടിക്കണം. അയല, മത്തി എന്നിവ കറിവെച്ച് കഴിക്കാം. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡ് നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍. വര്‍ധിപ്പിക്കും. വെളുത്തുള്ളി, മുതിര, കറിവേപ്പില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പുകവലി കൊളസ്ട്രോളിന്റെ നില കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി കൊളസ്ട്രോള്‍ നില ഉയര്‍ത്തും. മദ്യം കരളിന്റെ കൊഴുപ്പ് സംയോജനത്തെ ത്വരിതപ്പെടുത്തി സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ (എല്‍.ഡി.എല്‍) അളവ് കൂട്ടുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിനും സമൂഹത്തിനും സ്വശരീരത്തിനും ഉപദ്രവകാരിയായ മദ്യപാനവും, പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം.
ഹോമിയോ ചികിത്സയില്‍
ഹോമിയോപ്പതിയില്‍ രോഗിയുടെ ശാരീരികമാനസിക പ്രത്യേകതകള്‍ അനുസരിച്ചാണ് മരുന്നു നിര്‍ണയിക്കുന്നത്. എങ്കിലും വളരെ ഉയര്‍ന്ന കൊളസ്ട്രോള്‍ നിലയുള്ളവര്‍ക്ക് ചില മാതൃസത്തും, കുറഞ്ഞ പൊട്ടന്‍സി മരുന്നുകളും ഉപയോഗിക്കുന്നത് ഗുണം ചെയ്യും.അല്ലിയം സറ്റൈവം (വെളുത്തുള്ളി), കുര്‍ക്കുമ ലോംഗ (മഞ്ഞള്‍), ഗെര്‍സീനിയ ഗാംബോജിയ (കടുംപുളി), ബൊറാവിട ഡിഫ്യൂസ (തഴുതാമ), സുംബുള്‍, സ്ട്രൊഫാന്തസ്, കൊളസ്ടിനം എന്നിവ ഹോമിയോപ്പതിയിലെ കൊളസ്ട്രോളിനുപയോഗിക്കുന്ന പ്രധാന മരുന്നുകളാണ്. ചിട്ടയായ ഭക്ഷണ രീതിയും ഹോമിയോപ്പതി ചികിത്സാ ക്രമവും പാലിച്ചാല്‍ വളരെ കുറച്ചു കാലം കൊണ്ടുതന്നെ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കി ശരീരത്തെ സംരക്ഷിക്കാം