കുനൂർ ഹെലികോപ്ടർ അപകടം: ‘ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യും’; അവസാന സന്ദേശം പുറത്ത്

ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം പുറത്ത്. ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമെന്ന സന്ദേശമാണ് എയർബേസിലേക്ക് അവസാനം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

തകർന്നുവീഴുന്നതിന് മുമ്പ് അടിയന്തര സന്ദേശങ്ങളൊന്നും ഹെലികോപ്റ്ററിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച കാലത്ത് 11.48ന് സൂലൂരിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ 12.15ന് വെല്ലിടണിൽ എത്തേണ്ടതായിരുന്നു. എന്നാൽ 12.08ന് എയർബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായി. അപകടകാരണം കണ്ടെത്താൻ കാലാവസ്ഥ, മാനുഷിക പിഴവ് ഉൾപ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സൈന്യവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവെച്ചാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കൂനൂരിനടുത്ത് കാട്ടേരിയിലെ എസ്റ്റേറ്റിൽ തകർന്നുവീണ ഉടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൂർണമായും തീ അണയ്ക്കാൻ കഴിഞ്ഞത്. അപകടത്തിൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ സംയുക്ത സേനാസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഹെലികോപ്റ്ററിന്റെ ബ്‌ളാക് ബോക്‌സ് കണ്ടെത്തിയിരുന്നു. വ്യോമസേനാ ട്രെയിനിങ് കമാൻഡ് മേധാവി എയർമാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അപകടസ്ഥലത്തെ തിരച്ചിൽ ഒരു കിലോമീറ്റർ പരിധിയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ബ്‌ളാക് ബോക്‌സ് (ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡർ) ഉൾപ്പടെ രണ്ടു പെട്ടികൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവ ഡൽഹിയിലോ ബെംഗളൂരുവിലോ എത്തിച്ച് വിശദമായി പരിശോധിക്കും.

Top