സ്‌പോട്‌സ് ഡെസ്‌ക്
കൊച്ചി: മത്സരിച്ചോടി യോഗ്യത നേടിയിട്ടും ലണ്ടനിലേയ്ക്കുള്ള സംഘത്തിൽ നിന്നു മലയാളി താരം പി.യു ചിത്രയെ തഴ്ഞ്ഞ അത്‌ലറ്റിക്‌സ് ഫെഡറേഷനും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ തിരിച്ചടി. ലണ്ടനിലേയ്ക്കുള്ള സംഘത്തിൽ ചിത്രയെയും ഉൾപ്പെടുത്തണമെന്നും, 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതോടെ ചിത്രയെ മീറ്റർ പങ്കെടുപ്പിക്കുമെന്നു ഉറപ്പായി.
മതിയായ യോഗ്യത നേടിയിട്ടും സാധ്യതാ പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ചിത്ര ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതി പ്രശ്‌നത്തിൽ ഇടപെട്ടതും ചിത്രയ്ക്കു അനുകൂല നിലപാട് ഉണ്ടായതും. ചിത്രയെ പങ്കെടുപ്പിച്ചിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്‌ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്വമായി മാറിയിട്ടുണ്ട്.
എന്നാൽ, ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അടുത്ത മാസം ആദ്യം ലണ്ടനിൽ തുടങ്ങുന്ന ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നും പുറപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക അത്‌ലറ്റിക് ഫെഡറേഷനു കൈമാറിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ ചിത്രയ്ക്കു ലണ്ടനിലെ ട്രാക്കിൽ ഇറങ്ങാൻ സാധിക്കുമോ എന്നത് ആശങ്കയായി തുടരുന്നു.