ഇടുക്കി: പ്രകൃതിയെ വളരെയേറെ സ്‌നേഹിക്കുകയും പ്രകൃതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശങ്ങള്‍ക്ക് ഘടകവിരുദ്ധമായാണ് പലപ്പോഴും കേരളത്തിലെ കത്തോലിക്കാ സഭകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാര്‍പ്പാപ്പ വാദിക്കുമ്പോഴും കേരളത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നഖശിഖാന്തം എതിര്‍ക്കുന്ന സമീപനമാണ് കേരളത്തിലെ സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി നിരന്തരം സമരങ്ങളും ഇവര്‍ സംഘടിപ്പിച്ചു.
ഇങ്ങനെ പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ത്തുകൊണ്ട് സഭ രംഗത്തു വരുമ്പോള്‍ പലകാര്യങ്ങളും അതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. സഭാ വിശ്വാസികള്‍ കൂടുതല്‍ പശ്ചിമഘട്ടത്തിലാണ് താമസിക്കുന്നതെന്നതാണ് ഒരു കാരണം. അതുകൊണ്ട് തന്നെ പലപ്പോവും പരിസ്ഥിതി പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയിലാണ് ക്രിസ്ത്യന്‍ പള്ളികളുമുള്ളത്. മുകളില്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രം കണ്ടാല്‍ പലര്‍ക്കും ഞെട്ടലുണ്ടാകുകയും ചെയ്യും.
ഇടുക്കി അതിരൂപതയ്ക്ക് കീഴിലു കല്ലാര്‍കുറ്റിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയിയുടെ വിദൂര ചിത്രമാണിത്. ഈ ചിത്രത്തില്‍ നിന്നും നോക്കിയാല്‍ ഒരു മലതന്നെ പള്ളിയുടെ നിര്‍മ്മാണത്തിനായി ഇടിച്ചു നിരത്തിയെന്ന് തോന്നും. പള്ളി നിര്‍മ്മാണത്തിനായി വന്‍തോതിലുള്ളമണ്ണെടുപ്പാണ് ഇവിടെ നടന്നത്. അതുകൊണ്ട് തന്നെ പള്ളിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിര്‍മ്മാണ രീതിയും വിവാദത്തിന് വഴിവച്ചു. പശ്ചിമഘട്ടത്തിന്റെയൊക്കെ പേരില്‍ ഒരുപാട് സമരങ്ങള്‍ അരങ്ങേറുകയും ഇടുക്കി ജില്ലയില്‍ പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപങ്ങള്‍ക്കാണ് ഈ പള്ളി നിര്‍മ്മാണം ഇടയാക്കിയത്.
ചുറ്റും പച്ചവിരിച്ച് ഞെളിഞ്ഞു നില്‍ക്കുന്ന കുന്നിനിടയില്‍ പണി കഴിപ്പിച്ചിരിക്കുന്ന പള്ളി ഇതുപോലെയാക്കി തീര്‍ക്കാന്‍ ഭീമമായ അളവില്‍ മല ഇടിച്ചിട്ടുണ്ടെന്ന കാര്യം ചിത്രത്തില്‍ പകല്‍ പോലെ വ്യക്തം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അനവധിയുള്ള ഇടുക്കിയില്‍ എത്രയൊക്കെ സമരങ്ങള്‍ അരങ്ങേറിയാലും പ്രകൃതിയോടുള്ള ചൂഷണം പലരീതിയില്‍ തുടര്‍കൊണ്ടേയിരിക്കും. ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന പള്ളിയില്‍ ദൈവം വന്നിരിക്കുമോ എന്ന ചോദ്യമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാചാലനാകുന്ന സഭാനാഥന്‍ ഉള്ളപ്പോഴാണ് വിശ്വാസികള്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
ദെവത്തിന്റെ പേരിലാകുമ്പോള്‍ പലപ്പോഴും വിവാദങ്ങള്‍ വഴിമാറിപ്പോകും. ആരും തന്നെ പ്രതികരിക്കാറുമില്ല. അതുകൊണ്ട് തന്നെ ദൈവം അങ്ങോട്ട് തിരുഞ്ഞു നോക്കുന്നില്ലെന്നാണ് വിശ്വാസികള്‍ പോലും പറയുന്നത്. എന്തായാലും ഒരു പള്ളിയുടെ കാര്യത്തിലോ മതത്തിന്റെ കാര്യത്തിലോ മാത്രം ഒതുങ്ങുന്നതല്ല, ഈ പ്രകൃതി ചൂഷണം. മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ പോലും വന്‍ മലകള്‍ പോലും ഇടിച്ചു നിരത്തുന്ന സംഭവം ഹൈറേഞ്ചില്‍ പതിവാണ്. ഒരു ചര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് ഒന്നു നടക്കില്ലെന്ന് ബോധ്യവും എല്ലാവര്‍ക്കും ഉണ്ടെന്നതാണ് പ്രകൃതി ചൂഷണത്തിന് വഴിവെക്കുന്നതും.