കൊച്ചി: ബാബു ആന്റണിയുമായുള്ള വിവാഹം നടക്കില്ലെന്ന ഘട്ടത്തിലാണ് മരിക്കാന്‍ തീരുമാനിച്ച്‌തെന്ന് ചാര്‍മ്മിള. ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹിറ്റ് ജോഡിയായിരുന്നു ബാബു ആന്റണിയും ചാര്‍മ്മിളയും. ആക്ഷന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ഇവര്‍ മാറി. ചാര്‍മ്മിള ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്മാറിയപ്പോള്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നെന്നു ചാര്‍മിള. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും ചാര്‍മിള പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചാര്‍മിള.
ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്മാറിയതായിരുന്നു കാരണം. ജീവിച്ചിരിക്കണമെന്നു തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു. യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍, യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു. അന്ന് ഉഷാറാണി വീട്ടില്‍ വന്നപ്പോള്‍ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില്‍ പെട്ടെന്നു എത്തിക്കാന്‍ സാധിച്ചത്. അവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാര്‍മിള പറഞ്ഞു.
ബാബു ആന്റണിയുമായുള്ള പ്രണയബന്ധം അച്ഛന്‍ വിലക്കിയിരുന്നു. അച്ഛനു സത്യത്തില്‍ ബാബുവിനോടു വെറുപ്പായിരുന്നു. എന്നേക്കാള്‍ പ്രായമുണ്ടെന്നതായിരുന്നു അച്ഛന്റെ എതിര്‍പ്പിനുള്ള ഒരു കാരണം. മറ്റെന്തോ ഒരു കാരണവും ഉണ്ടായിരുന്നു. എന്നാല്‍, അത് എന്താണെന്നു തന്നോടു പറഞ്ഞിട്ടില്ല. സഹോദരനോടും എന്തോ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിന്റെയും വസ്തുത തനിക്കറിയില്ല.
എന്നാല്‍, അക്കാലത്ത് ബാബു മാറ്റത്തിന്റെ പാതയിലായിരുന്നു. അതുവരെ പള്ളിയിലൊന്നും പോകാറില്ലാതിരുന്ന ബാബു ആ സമയത്ത് പള്ളിയിലും പോകാറുണ്ടായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മാറ്റത്തിന്റെ പാതയിലായിരുന്നു. ആ സമയത്താണ് അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ പോയി വന്നു വിവാഹം ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ആള്‍ തിരിച്ചുവന്നില്ലെന്നും ചാര്‍മിള പറഞ്ഞു.
ഈ മനോവിഷമത്തില്‍ ഇരിക്കുന്ന സമയത്താണ് സീരിയല്‍ താരം കിഷോര്‍ സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണ്.
രണ്ടു ബന്ധങ്ങള്‍ തകര്‍ന്നിട്ടും താന്‍ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, പിന്നീട് രാജേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് രാജേഷ് തന്നെക്കാള്‍ പ്രായം കുറഞ്ഞയാളാണെന്നു മനസ്സിലാക്കുന്നത്.
വിവാഹം ആലോചിച്ചാകാം എന്നു താന്‍ പറഞ്ഞെങ്കിലും രാജേഷ് സമ്മതിച്ചില്ല. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോള്‍ തന്റെ എല്ലാം. രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ല. എന്നാല്‍, രാജേഷ് ഇപ്പോള്‍ അടുത്ത സുഹൃത്താണ്ചാര്‍മിള പറഞ്ഞുനിര്‍ത്തി.