സിനിമാ ഡെസ്‌ക്
ചെന്നൈ: ആഘോഷപൊലിമയോടെ മറ്റൊരു താരരാജാവിന്റെ മകൻ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേയ്ക്കു എത്താനൊരുങ്ങുകയാണ്. സൂപ്പർ താരം മോഹൻലാലിന്റെ മകൻ പ്രണവ് വെള്ളിത്തിരയിൽ എത്താനൊരുങ്ങുന്നതിനിടെ ഒരു പിടി വിവാദങ്ങളും കൂട്ടിനെത്തിയിരിക്കുകയാണ്. ഈശ്വരവിശ്വസിയായ ലാൽ മകനെ ഒരു തികഞ്ഞ ഭക്തനാകാൻ പ്രേരിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് ലാൽ മനസു തുറന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചു ലാൽ വ്യക്തമാക്കിയത്. പുലർച്ചെ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളുള്ള കുടുംബത്തിലാണ് താൻ ജനിച്ചതെന്നും. തനിക്കും ഇപ്രകാരം പ്രവർത്തിക്കാൻ താത്പര്യമാണെങ്കിലും മിക്കപ്പോഴും അതിനു കഴിയുന്നില്ലയെന്നും ലാൽ പറയുന്നു. ഇന്നും താൻ ഒരു ഈശ്വരവിശ്വാസിയായതിനാൽ അപകടങ്ങളിൽ ഭയപ്പെടാറില്ലെന്നും ഏത് അപകടത്തിലും ദൈവം തനിക്ക് തുണയായി എത്താറുണ്ടെന്നും ലാൽ പറയുന്നു.
എന്നാൽ പ്രണവിന്റെ രീതികൾ വ്യത്യസ്ഥമാണെന്നും ലാൽ പറയുന്നു. പ്രണവ് അതിരാവിലെ എഴുന്നേല്ക്കുകയോ അമ്പലങ്ങളിൽ പോവുകയോ ഇല്ല. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ക്രിസ്ത്യൻ റെസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പ്രണവിന്റെ വിദ്യാഭ്യാസം. അതിനാൽ പ്രണവിന്റെ ചിന്തകൾ പാശ്ചാത്യ രീതിയിലുള്ളതാണ്. പാശ്ചാത്യമായ തത്വശാസ്ത്രങ്ങളുടെ സ്വാധീനമാവാം അത്.
രാവിലെ എഴുന്നേറ്റ് കുളിക്കാനും അമ്പലത്തിൽ പോകാനും എനിക്ക് നിർബന്ധിക്കാനാവില്ല. ഫിലോസഫി പഠിച്ചിട്ടുള്ള പ്രണവിന് അവന്റേതായ ഫിലോസഫിയുണ്ട്. അവൻ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദൈവത്തെ പ്രാർത്ഥിക്കാൻ പറയാൻ എനിക്കാവില്ല. ഒരു ദൈവത്തെ പ്രാർത്ഥിച്ചാൽ എന്തു ഫലം കിട്ടുമെന്ന് അവൻ ചോദിക്കാറുണ്ട്. വ്യക്തമായ മറുപടി എന്റെ പക്കൽ ഇല്ലാത്തതിനാൽ തർക്കിക്കാൻ പോകാറില്ല. ലാൽ പറയുന്നു. പ്രണവിന്റെ സിനിമാ കാര്യങ്ങളിലും താൻ ഇടപെടാറില്ലയെന്നും അവന് കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ടെന്നും പറയുന്ന ലാൽ പ്രണവ് ഉപദേശങ്ങൾ ചോദി്ക്കുമ്പോൾ അതു നൽകാറുണ്ടെന്നും പറയുന്നു.