സ്‌പോട്‌സ് ലേഖകൻ
കിയവ്: സ്വന്തം നാട്ടിൽ യുവനിരയെ പരീക്ഷിച്ച് ശക്തി മുഴുവൻ യൂറോപ്യൻ പോരിലേക്ക് കാത്തുവെക്കാൻ കാണിച്ച ബുദ്ധി മാന്വൽ പെല്‌ളെഗ്രിനിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഗുണം ചെയ്തു.ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദ പോരാട്ടത്തിൽ യുക്രെയ്ൻ ക്‌ളബ് ഡൈനാമോ കിയവിനെ 31ന് തകർത്ത് ക്വാർട്ടർ പ്രതീക്ഷകൾ മാഞ്ചസ്റ്റർ സിറ്റി സജീവമാക്കി. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇടംപിടിക്കാനുള്ള അവസരമാണ് ഒരു മത്സരമകലെ സിറ്റിയെ കാത്തിരിക്കുന്നത്. സെർജിയോ അഗ്യൂറോയും ഡേവിഡ് സിൽവയും യായ ടുറെയുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്‌ളബ് അത്‌ലറ്റികോ മഡ്രിഡും നെതർലൻഡ്‌സുകാരായ പി.എസ്.വി ഐന്തോവനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ് രണ്ടാം പാദം കൂടുതൽ നിർണായകമാക്കി.
ആരാധകർ കാണാൻ കൊതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു കിയവിന്റെ മണ്ണിൽ കളംനിറഞ്ഞു കളിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എഫ്.എ കപ്പിൽ യുവനിരയുമായിറങ്ങി ചെൽസിയോട് 51ന് തോറ്റതിന്റെ ക്ഷീണമെല്ലാം കുടഞ്ഞെറിഞ്ഞ് പൂർണശക്തരായ താരങ്ങളെ നിറച്ചാണ് പെല്‌ളെഗ്രിനി പടയൊരുക്കിയത്. തിരിച്ചത്തെിയ സെർജിയോ അഗ്യൂറോ 15ാം മിനിറ്റിൽ തന്നെ കോച്ചിന്റെ വിശ്വാസം കാത്ത് ഡൈനാമോ വലകുലുക്കി. ആദ്യ പകുതിയിൽ സിറ്റി നടത്തിയ ആധിപത്യത്തിന് തെളിവായി 40ാം മിനിറ്റിൽ സിൽവയുടെ ബൂട്ടിൽനിന്നും പന്ത് വലയിലേക്ക് പാഞ്ഞു. ഡൈനാമോയുടെ ആക്രമണത്തെ പിടിച്ചുനിർത്തുന്നതിൽ ഭൂരിഭാഗവും സിറ്റി പ്രതിരോധത്തിന് കഴിഞ്ഞു.
എന്നാൽ, ക്‌ളീൻ ചിറ്റുമായി തിരിച്ചുപോകാനുള്ള സന്ദർശകരുടെ ആഗ്രഹത്തിന് തിരിച്ചടി നൽകി 58ാം മിനിറ്റിൽ വിറ്റാലി ബുയാൽസ്‌കി ഡൈനാമോക്കായി ഒരു ഗോൾ മടക്കി. തുടർന്ന് മികച്ച ചാൻസുകൾ ഇരുവശത്തുനിന്നും അകന്നുനിന്നു. 80ാം മിനിറ്റിൽ സമനില പിടിക്കാനുള്ള ബുയാൽസ്‌കിയുടെ ശ്രമം സിറ്റി ഗോളി ജോ ഹാർട്ടിന്റെ ഇടപെടലിൽ ഒഴിഞ്ഞുപോയി. 90ാം മിനിറ്റിൽ ബോക്‌സിന്റെ കുമ്മായ വരക്ക് പുറത്തുനിന്ന് യായ ടുറെ പറത്തിവിട്ട പന്ത് നേരെ വലയിലത്തെിയതോടെ സിറ്റിയുടെ വിജയം പൂർണമായി.
കഴിഞ്ഞ രണ്ട് സീസണിലും ഈ ഘട്ടത്തിൽ ബാഴ്‌സലോണയോട് തോറ്റ് പുറത്താകുകയായിരുന്നു സിറ്റിയുടെ വിധി. അതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിലും വീണു. എന്നാൽ, ഇത്തവണ ലഭിച്ച താരതമ്യേന ദുർബലരായ എതിരാളികളെ മറികടന്ന് അവസാന എട്ടിലേക്ക് മുന്നേറാം എന്ന സിറ്റിയുടെ പ്രതീക്ഷകൾക്ക് ഊർജം പകരുന്നതായി ഈ ജയം.പത്തു പേരായി ചുരുങ്ങിയിട്ടും അത്‌ലറ്റികോ മഡ്രിഡിന്റെ വമ്പിനു മുന്നിൽ പിടിച്ചുനിൽക്കാൻ പി.എസ്.വിയെ സഹായിച്ചത് ഗോൾ കീപ്പർ ജെറോൻ സോയറ്റ്.
45ാം മിനിറ്റിൽ അന്റോണി ഗ്രീസ്മാന്റെ ഷോട്ട് തകർപ്പനൊരു സേവിലൂടെ തടഞ്ഞ സോയറ്റ്, കോകിന് മുന്നിലും വിലങ്ങുതടിയായി. ഒപ്പം എന്നാൽ, ഇടവേളക്ക് ശേഷം ഒരു കോർണറിൽ നിന്നും ഹെഡറിലൂടെ പി.എസ്.വി വലകുലുക്കാൻ ഡിയഗോ ഗോഡിന് കഴിഞ്ഞു. പക്ഷേ, ഹെക്ടർ മൊറേനോക്ക് മേൽ നടത്തിയ ഫൗളിലൂടെ നേടിയ ആ ഗോൾ റഫറി നിഷേധിച്ചു. അത്‌ലറ്റികോയുടെ ഗോൾ മുഖം വിറപ്പിക്കുന്ന നീക്കങ്ങളും കരുത്തുറ്റ പ്രതിരോധവുമായി നിറഞ്ഞ ആതിഥേയർ അത്‌ലറ്റികോയെ ശരിക്കും നിരാശപ്പെടുത്തി.