ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്, നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. സുല്‍ത്താന്‍ ബത്തേരിയിലാകും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു പറഞ്ഞു. ബിജെപിയിലോ ബി.ഡി.ജെ.എസിലോ ചേരില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഗീതാനന്ദനുമായുള്ള സംഘടനയുടെ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി അവസാനവട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി മുന്നണിയിലെത്തിയാണ് ജാനുവിന്റെ മത്സരമെന്നതാണ് ശ്രദ്ധേയം.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പുതിയ പാര്‍ട്ടി രൂപികരണത്തെ കുറിച്ച് ജാനുപ്രതികരിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ജാനു സുല്‍ത്താന്‍ബത്തേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗോത്രമഹാസഭ നേതാക്കള്‍ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ജാനുവിന്റെ തീരുമാനം. ജാനുവിനെ ഫോണില്‍ മേധാ പട്കര്‍ എതിര്‍പ്പറിയിച്ചിരുന്നു. നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ജാനുവിനെ ബിജെപിയുമായി അടുപ്പിച്ചത്. മത്സരിക്കുന്നതിനു മുന്നോടിയായി ജാനു വയനാട്ടിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സമ്മിശ്രപ്രതികരണമാണുണ്ടായത്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം
ജാനു എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതു നിരാശാജനകവും ഞെട്ടിക്കുന്നതുമാണെന്നു മേധാ പട്കര്‍ ഗോത്രമഹാസഭാ നേതാക്കള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ആദിവാസികളെ തോല്‍പിച്ചവരാണ്. ഈ വിഷയത്തില്‍ ബിജെപിക്ക് എങ്ങനെ പകരക്കാരാകാന്‍ കഴിയുമെന്നും മേധ ചോദിച്ചു. ജാതിയും മതവും നോക്കാതെ ഒട്ടേറെ ആദിവാസികള്‍ ചോരയും നീരും നല്‍കി വലുതാക്കിയ പ്രസ്ഥാനത്തിന്റെ അമരത്തുനിന്നു ബിജെപി. പാളയത്തിലേക്കു പോകരുതെന്നാണു സാമൂഹിക പ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍ സിപിഐ(എം) സമ്മര്‍ദ്ദത്തിലാണ് ഇത്തരം വാദങ്ങള്‍ക്ക് പിന്നിലെന്ന് ജാനു വിഭാഗവും പറയുന്നു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ചര്‍ച്ച തുടരുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും ജാനു പറഞ്ഞിരുന്നു. ഗോത്രമഹാസഭ യോഗത്തില്‍ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം മാനിച്ചേ തീരുമാനമെടുക്കൂ. എന്തായാലും ബിജെപിയിലേക്കില്ല. എന്‍.ഡി.എ. ഘടകകക്ഷിയായി മത്സരിക്കാനാണു താല്‍പര്യമെന്നും അവര്‍ പറഞ്ഞു. ഗോത്രമഹാസഭയിലോ ജനാധിപത്യ ഊരുവികസനമുന്നണിയിലോ ചര്‍ച്ചചെയ്ായതെ സ്വന്തം താല്‍പര്യപ്രകാരം മത്സരിക്കാന്‍ തീരുമാനിച്ച ജാനുവിനെ പിന്തുണയ്ക്കില്ലെന്നു ഗോത്രമഹാസഭ കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വ്യക്തമാക്കി.
നേരത്തേ, തിരഞ്ഞെടുപ്പില്‍ സികെ ജാനു ബിജെപിയുമായി സഹകരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് എറണാകുളത്ത് ഊരുവികസനമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നേരിടാന്‍ പറ്റുന്ന സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടാണ് അഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞ് മത്സരരംഗത്തിറങ്ങിയാല്‍ മതിയെന്നു തീരുമാനിച്ചത്.
പണിയരടക്കമുള്ള, അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മത്സരരംഗത്തുള്ളവര്‍ക്ക് പിന്തുണ നല്‍കാനായിരുന്നു ഊരു വികസന മുന്നണിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ജാനു പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്.