എെ എസ് എല്ലിന്റെ നാലാം സീസണില്‍ കപ്പ് ഉയര്‍ത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സില്‍ നിന്നും അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍, ഇയാന്‍ ഹ്യൂമിനെ ടീം ഉടമകള്‍ ബ്ലാസ്റ്റേഴ്സില്‍ തിരികെ എത്തിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുകയാണ്.
വെസ് ബ്രൗണിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മലയാളി താരം സികെ വിനീത്. കൊച്ചിയിലെ മഞ്ഞക്കടലിരമ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലേക്കാളും അപ്പുറത്താണെന്ന് വിനീത് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ പ്രതികരണം.
രണ്ടു തവണ ചാമ്പ്യന്‍സ് ലീഗും നിരവധി തവണ പ്രീമിയര്‍ ലീഗും നേടിയിട്ടുള്ള വെസ് ബ്രൗണിനൊപ്പം ഡ്രെസിംഗ് റൂം പങ്കുവെയ്ക്കുന്നത് അഭിമാനിക്കാവുന്ന നിമിഷമാണെന്നും പുതിയ സീസണു വേണ്ടി കാത്തിരിക്കുകയാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മലയാളി താരമായ റിനോ ആന്റോയും വെസ് ബ്രൗണിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിലാണ് പുതിയ സീസണ് ഒരുങ്ങുന്നത് എന്നതിനുള്ള തെളിവാണ്.ആദ്യ സീസണിലും മൂന്നാം സീസണിലും ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് തോല്‍പ്പിച്ചത്. ഇക്കുറി കന്നി കിരീടം നേടാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.