
കൊച്ചി: പോലീസിന്റെ വീഴ്ചയും, രാഷ്ട്രീയ പശ്ചാത്തലങ്ങളും മാത്രം ഉയര്‍ത്തി കാട്ടി കെവിന്റെ കൊലപാതകത്തെ വഴിതിരിച്ചു വിടുന്നവര്‍ ഈ ക്രൂരകൃത്യത്തിന്റെ യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് വഴുതിപോവുകയാണെന്ന് ഫുട്‌ബോള്‍ താരം സികെ വിനീത്. കെവിന്റെ കുടുംബത്തിനും നീനുവിനും തന്റെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലാണ് ജാതി എന്ന വിഷത്തെക്കുറിച്ച് വിനീത് ആഞ്ഞടിച്ചത്.
മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി വിദ്വേഷമാണെന്ന് പറയാന്‍ മടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് വിനീത് ആശങ്ക പ്രകടിപ്പിച്ചു. എഴുതുന്നവരും, പറയുന്നവരും ജാതിവെറിയുടെ ഇരയാണ് കെവിന്‍ എന്നു പറയുന്നതോ, അതിന്റെ പ്രാധാന്യം മനസിലാക്കുന്നതോ ഇല്ല. പക്ഷെ ആരെങ്കിലും അത് പറഞ്ഞേ തീരൂ, വിനീത് കുറിച്ചു.
കെവിന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥയോ അവരുടെ ദുഃഖമോ തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. ഇതിനെ തരണം ചെയ്യാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ എന്നു ഈ അവസരത്തില്‍ താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കൈയ്യില്‍ അഴിമതിയുടെ കറപുരളാത്തവര്‍ ഇപ്പോള്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണം. കെവിന്‍ സ്നേഹിക്കുക മാത്രമേ ചെയ്തുള്ളൂ, വിനീത് തന്റെ കുറിപ്പില്‍ പറയുന്നു.
ജാതിയതയ്ക്ക് താന്‍ എതിരാണെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് വിനീത്. മകന്‍ ജനിച്ചപ്പോള്‍, യാതൊരു മതവും വിനീത് രേഖപ്പെടുത്തിയില്ല. വളര്‍ന്നു വരുമ്പോള്‍ അവന് ഇഷ്ടമുള്ളത് സ്വീകരിക്കട്ടെയെന്ന പറഞ്ഞ വിനീതിന് വന്‍ പിന്തുണയാണ് ലഭിച്ചത്.