അത്ഭുതകാര്യമായി കടലിൽ നിന്നൊരു രക്ഷക്കഥ…മരിച്ചാൽ ശരീരം വീട്ടുകാർക്കു കിട്ടാൻ വള്ളത്തിൽ സ്വയം കെട്ടിയിട്ടു

തിരുവനന്തപുരം: ക്ലമന്റിന്റേത് അദ്ഭുതകരമായ രക്ഷപെടൽ . മറിഞ്ഞുകിടക്കുന്ന വള്ളത്തിൽനിന്നു നീണ്ടുകിടന്ന കയറിൽ അഞ്ചര മണിക്കൂർ അദ്ദേഹം സ്വന്തം ശരീരം കെട്ടിയിട്ടു. പൊങ്ങിക്കിടക്കാനായി മണ്ണെണ്ണ നിറച്ച കന്നാസും കയ്യോടുചേർത്തു കെട്ടി. മരിക്കുമെന്നുറപ്പിച്ചു കണ്ണടച്ചു. പിന്നീടുള്ളത് അതിജീവനത്തിന്റെ പുത്തൻ ചരിത്രം. കടലിൽനിന്നു രക്ഷപ്പെട്ട പൂന്തുറ സ്വദേശി ക്ലമന്റ് എന്തിനാണിങ്ങനെയൊക്കെ ചെയ്തതെന്നു ചോദിച്ചാൽ പുഞ്ചിരി മാത്രമാകും മറുപടി.നടുക്കടലിൽ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ ക്ലമന്റ് ഒരു കാര്യമേ ആഗ്രഹിച്ചുളളൂ. തന്റെ മൃതദേഹം വീട്ടിൽ കിട്ടണം. ക്ലമന്റിനെപ്പോലെയുള്ളവരുടെ തിരിച്ചുവരവിന്റെ അവിശ്വസനീയമായ കഥകളാണു തീരദേശങ്ങളിലെ പുത്തൻ പ്രതീക്ഷ.

രണ്ടു വള്ളത്തിലായിരുന്നു ക്ലമന്റുൾപ്പെടെ അഞ്ചുപേരുടെ യാത്ര. നവംബർ 30നു പുലർച്ചെ കടൽ കനത്തതോടെ എത്രയും പെട്ടെന്നു കരപിടിക്കണമെന്ന ചിന്ത മാത്രം. ഒരു വള്ളത്തിനൊപ്പം ഒരു കട്ടമരവും കെട്ടിയിട്ടിരുന്നു. ആദ്യ തിരയിൽ ഇതു മുങ്ങി. പൊക്കിയെടുക്കാനായി ക്ലമന്റിന്റെ വള്ളത്തിലുള്ള രണ്ടുപേർ അടുത്ത വള്ളത്തിലേക്കു കയറി. ക്ലമന്റ് ഒറ്റയ്ക്കായി. അടുത്ത നിമിഷമെത്തിയ രാക്ഷസത്തിരയിൽ എല്ലാവരും നാലുപാടും ചിതറി. കുറ്റാക്കുറ്റിരുട്ട്. കല്ലു പെറുക്കിയെറിയുന്നതുപോലുള്ള കനത്ത മഴ. അലറിവിളികൾ അലിഞ്ഞില്ലാതായി. ക്ലമന്റിരുന്ന വള്ളം കമഴ്ന്നു. സർവശക്തിയുമെടുത്തു വള്ളത്തിൽ കെട്ടിപ്പിടിച്ചു കിടന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരണം ഉറപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതു കയ്യിൽ കയറും കൂടെ കന്നാസുമായി ആ കിടപ്പ് അഞ്ചര മണിക്കൂർ. വിഴിഞ്ഞത്തുനിന്നു പോയ ബോട്ടിലെ ആളുകളാണ് ക്ഷീണിതനായി കിടന്ന ക്ലമന്റിനെ കണ്ടെത്തിയത്. കയർ മുറിച്ചു ബോട്ടിൽ കയറ്റി. അടുത്ത നിമിഷം ഭീകരമായ തിരകൾ ബോട്ടിനെയും വിഴുങ്ങി. രണ്ട് എൻജിനുകളും ബോട്ടുമായി ഘടിപ്പിച്ച ഭാഗങ്ങൾ അടർന്നുവീണു. കയറുപയോഗിച്ച് എൻജിൻ ബോട്ടുമായി കെട്ടി തിരികെ യാത്ര തുടങ്ങിയെങ്കിലും എളുപ്പമായിരുന്നില്ല. ഏറെ വൈകി, തമിഴ്നാട്ടിൽനിന്നുള്ള യന്ത്രവൽകൃത ബോട്ട് ഇവരുടെ രക്ഷയ്ക്കെത്തി.ആദ്യമൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് ക്ലമന്റിനു ഒന്നുമറിയില്ലായിരുന്നു. വിഴിഞ്ഞത്തേക്കു 19 കിലോമീറ്റർ മാത്രമായിരുന്നു ദൂരം. കാറ്റു രൂക്ഷമായതോടെ 64 കിലോമീറ്റർ അകലെ കൊല്ലത്താണ് ബോട്ടടുത്തത്. കൂടെയുണ്ടായിരുന്ന നാലു പേരെയും ജീവനോടെ കരയ്ക്കെത്തിച്ചെങ്കിലും ഒരാൾ മരിച്ചു. നാലു ദിവസത്തെ ചികിത്സയ്ക്കുശേഷം ക്ലമന്റ് വീട്ടിലെത്തി. മൃതദേഹമായി തിരിച്ചെത്തുമെന്നു കരുതിയ ക്ലമന്റിന് ഇതു രണ്ടാം ജന്മം.

Top