
ന്യൂഡൽഹി:കേരളവും ഡൽഹിയും ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിൽ കേരളം, കർണാട, ത്രിപുര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർ പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊടിക്കാറ്റും കൊടുങ്കാറ്റും ആഞ്ഞു വീശുമെന്നാണു മുന്നറിയിപ്പ്. ഹരിയാനയിലും ചണ്ഡീഗഡിലും ഡൽഹിയിലും കൊടുങ്കാറ്റ് ശക്തമായി വീശുമെന്നും മുന്നറിയിപ്പുണ്ട്.കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം.
അതേസമയം ന്യൂഡൽഹിയിൽ ചൊവ്വാഴ്ച മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.
ഡൽഹിയിലെ എല്ലാ ഈവനിങ് സ്കൂളുകൾക്കും (സെക്കൻഡ് ഷിഫ്റ്റ്) ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. അഗ്നിശമന സേന പ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി. റോഡിൽ മാർഗതടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാൽ നടപടിയെടുക്കാൻ ട്രാഫിക് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
യാത്ര പുറപ്പെടും മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നു ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും ചൊവ്വാഴ്ച കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ചായിരിക്കും ട്രെയിൻ വേഗത്തിൽ നിയന്ത്രണം. ഇലക്ട്രിക് ലൈനുകൾക്കു താഴെയും തകര മേൽക്കൂരയ്ക്കും മരങ്ങൾക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, ഇടുക്കിയിൽ വീട്ടിനുള്ളിൽ വച്ച് ഇടിമിന്നലേറ്റു വയോധിക മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി തെക്കഞ്ചേരിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (മാമ്മി–75) ആണു മരിച്ചത്. ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, പടിഞ്ഞാറൻ യുപി, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളിൽ കൊടുങ്കാറ്റ് വീശുക. ഉത്തർപ്രദേശിൽ പലയിടത്തും മണിക്കൂറിൽ 100 കി.മീ. വേഗത്തിൽ തിങ്കളാഴ്ച കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ ആഗ്രയിൽ ഉൾപ്പെടെ യുപിയിൽ 48 പേർ മരിച്ചിരുന്നു. ഹരിയാനയിലെ സ്കൂളുകൾക്ക് തിങ്കളും ചൊവ്വയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ആഴ്ചയേക്കാളും ശക്തി കുറഞ്ഞ ഇടിമിന്നലും കാറ്റുമായിരിക്കും ഇത്തവണയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ പരമാവധി 70 കി.മീ. വേഗത കൈവരിക്കാനേ ഈ കാറ്റിനു സാധിക്കൂ.