തിരുവനന്തപുരം: കോടികല്‍ കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ആശുപത്രികളെ മൂക്കുകയറിടാന്‍ ഇടതുസര്‍ക്കാര്‍. രോഗികളെ കൊല്ലാക്കൊല ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രക്കണമെന്ന ഏറെ കാലത്തെ ആവശ്യമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചികിത്സാ ചിലവുകള്‍ സ്വകാര്യ ആശുപത്രികള്‍ തോന്നിയപോലെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ആയിരങ്ങള്‍ മാത്രം ചിലവ് വരുന്ന ശസ്ത്രക്രിയക്ക് ആശുപത്രികള്‍ ഈടാക്കുന്നത് ലക്ഷങ്ങളാണ്. സ്വകാര്യ ആശുപത്രികളുടെ കൊടിയ ചൂഷണം അവസാനിപ്പിക്കാന്‍ ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് എന്ന പേരിലുള്ള ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.
ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബില്‍ ഉടനെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. ഇതു നിയമസഭ പാസാക്കിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ സാമൂഹ്യമായ ഇടപെടലിനും നിയന്ത്രണത്തിനും സര്‍ക്കാരിന് അവകാശമാകും. എത്ര സ്വകാര്യ ആശുപത്രികള്‍, ഏതെല്ലാം വിഭാഗങ്ങളില്‍, തുടങ്ങിയവ സംബന്ധിച്ചും വിവരങ്ങളില്ല. ബില്‍ നിയമമാകുന്നതോടെ ഫീസ് നിരക്കുകള്‍ ക്‌ളാസിഫിക്കേഷന്‍ അനുസരിച്ച് സ്വകാര്യ ആശുപത്രികളില്‍ ഏകീകരിക്കേണ്ടി വരും. ഇപ്പോള്‍ തോന്നിയപോലെയാണ് ഫീസ് ഈടാക്കുന്നത്. രക്തപരിശോധനയിലും എക്‌സറേ, സ്‌കാനിങ് തുടങ്ങിയവയിലുമെല്ലാം ഫീസ് നിരക്കിലെ വ്യത്യാസം പ്രകടം. പരിശോധനകളുടെയും മറ്റു നടപടികളുടെയും ഫീസ്‌നിരക്ക് പ്രസിദ്ധപ്പെടുത്തണം.
ഒരുപാട് കാലമായി ചര്‍ച്ച ചെയ്യുന്നതും സാധാരണക്കാര്‍ ആഗ്രഹിക്കുന്നതുമായ നിയമനിര്‍മാണമാണിത്. കേരളത്തില്‍ 65 ശതമാനം രോഗികളും ഇപ്പോള്‍ സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് പൊതു ആരോഗ്യമേഖല ശക്തമാണെങ്കിലും അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളെല്ലാം സ്വകാര്യമേഖലക്ക് സഹായകമാകുന്ന നടപടികളാണ് കൈക്കൊണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും പഞ്ഞിയുംവരെ ഇല്ലാത്ത കാലങ്ങളുണ്ടായി. തുടര്‍ന്ന് പൊതുമേഖല ശുഷ്‌ക്കിക്കുകയും സ്വകാര്യമേഖല തഴച്ചുവളരുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്കുവരെ നിരക്കില്‍ പൊതുപരിധി നിശ്ചയിക്കേണ്ടി വരും. അപ്പന്റസൈറ്റിസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിക്കാര്‍ നിലവില്‍ 50,000 രൂപവരെ ഈടാക്കുന്നു. ഹെര്‍ണിയ, തൈറോയ്ഡ് ശസ്ത്രക്രിയകള്‍ക്കും 40,000 മുതല്‍ 60,000 വരെ ഈടാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 5000 രൂപപോലും ചെലവു വരാത്ത ശസ്ത്രക്രിയകളാണിവ. ഹൃദ്രോഗ ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വാങ്ങുന്നത്. ഹൃദ്രോഗികള്‍ക്ക് ആവശ്യമുള്ള സ്റ്റെന്റിന്റെ വില കമ്പനികള്‍ കുറച്ചിട്ടും അതിന്റെ പ്രയോജനം രോഗികള്‍ക്ക് കിട്ടുന്നില്ല. പരിശോധനകളുടെയും ഡോക്ടര്‍മാരുടെ ഫീസിന്റെയും തിയറ്റര്‍ ചാര്‍ജിന്റെയുമെല്ലാം പേരില്‍ ഉയര്‍ന്ന തുകതന്നെ ഈടാക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയകളിലും മുട്ടുമാറ്റിവയ്ക്കലിലുമെല്ലാം കടുത്ത കൊള്ളയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഇഛ്ശക്തിയോടെ നീങ്ങിയാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്ക് അവസാനമാകും.