![](https://dailyindianherald.com/wp-content/uploads/2016/04/kumma.jpg)
രാഷ്ട്രീയ ലേഖകൻ
കൊച്ചി: മുഖ്യമന്ത്രിയായി കുമ്മനം രാജശേഖരനെയും ആഭ്യന്തരമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു രംഗത്ത് ബിജെപി ഒരു പടി മുന്നിലെത്തി. വിജയിച്ചാലും പരാജയപ്പെട്ടാലും കേരളത്തിൽ അഞ്ചു വർഷം ഇതേ മന്ത്രിസഭയായി പ്രവർത്തിക്കുന്നതിനാണ് ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാവ് തുഷാർ വെള്ളാപ്പള്ളിയെയാണ് പരിഗണിക്കുന്നത്. ബിജെപി സഖ്യത്തിനു ഭരണം ലഭിച്ചാൽ ബിഡിജെഎസ് വിജയിക്കുന്ന ഏതെങ്കിലും സീറ്റിൽ മത്സരിച്ചു വിജയിച്ചു നിയമസഭയിൽ എത്തുന്നതിനാണ് ഇപ്പോൾ എൻഡിഎ സഖ്യം തുഷാറിനോടു നിർദേശിച്ചിരിക്കുന്നത്.
ആഭ്യന്തരമന്ത്രിയായി ബിജെപി മുൻ പ്രസിഡന്റ് വി.മുരളീധരന്റെ പേരാണ് ബിജെപി നേതൃത്വം നിർദേശിച്ചിരിക്കുന്നത്. ധനകാര്യമന്ത്രിയായി ഒ.രാജഗോപാലിനെയാണ് പരിഗണിക്കുന്നത്. ശ്രീശാന്തിനു കായിക വകുപ്പും, സി.കെ ജാനുവിനു പട്ടികജാതി വിഭാഗക്ഷേമവകുപ്പും നൽകുമ്പോൾ ഭീമൻ രഘുവിനെയാണ് സിനിമാ മന്ത്രിയായി പരിഗണിക്കുന്നത്. ദേവസ്വം മന്ത്രിയായി തിരുവല്ലയിൽ മത്സരിക്കുന്ന ബിഡിജെഎസ് നേതാവ് അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാടിനെയാണ് പരിഗണിക്കുന്നത്.
ബിജെപി – ബിഡിജെഎസ് എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയാൽ ഇതേ രൂപത്തിലായിരിക്കുന്ന സർക്കാർ പ്രവർത്തിക്കുന്നത്. അധികാരത്തിൽ എത്താൻ വേണ്ട ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ വരുന്ന അഞ്ചു വർഷം ഷാഡോ മുഖ്യമന്ത്രിയായും മന്ത്രിസഭയായും പ്രവർത്തിച്ചു കേരളത്തിൽ ബിജെപിയെയും എൻഡിഎ മുന്നണിയെയും വളർത്താനാണ് പദ്ധതി. തിരഞ്ഞെടുപ്പു നേരിട്ടു നിയന്ത്രിക്കുന്ന ആർഎസ്എസ് നേതൃത്വത്തിന്റെ പദ്ധതിയാണ് ഇപ്പോൾ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്നത്.