തിരുവനന്തപുരം: ആർ. ശങ്കറിൻെറ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയെന്ന വിവരം പുറത്തായി. ഇതിന് തെളിവായി പ്രധാനമന്ത്രിയെ ക്ഷണിച്ച് അയച്ച കത്തിൻെറ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. വെള്ളാപ്പള്ളിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്തയച്ചത്. സർക്കാറിൻെറ കൂടി താത്പര്യപ്രകാരമാണ് ക്ഷണമെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.
പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെ ചിലർ എതിർക്കുന്നുണ്ടെന്നും അറിയിച്ചു. ഇതോടെ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്താൽ എസ്.എൻ.ഡി.പി അണികൾ പ്രശ്നമുണ്ടാക്കുമെന്ന് ഐ.ബി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതിൻെറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് അറിയിച്ചതെന്നുമാണ് വെള്ളാപ്പള്ളിയുടെ ഓഫീസ് നൽകിയ വിശദീകരണം. എന്നാൽ ഇത്തരത്തിൽ ഒരു റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ഐ.ബി വ്യക്തമാക്കി.
സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതെന്ന വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്റെ ഓഫീസ് രംഗത്തെത്തി. എന്നാല്‍, ഇത്തരത്തില്‍ ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.