ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായും എന്നാല്‍ കൂടുതല്‍ ദിവസം ആശുപത്രിയില്‍ തങ്ങേണ്ടി വരുമെന്നും അപ്പോളോ ഹോസ്പിറ്റല്‍. ശ്വസനസഹായിയുടെ ഉപയോഗം തുടരുന്നതായും ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടുന്നതായും അപ്പോളോ ഹോസ്പിറ്റല്‍ ഇന്ന് വൈകിട്ട് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ജയലളിതക്ക് വിശദമായ മെഡിക്കല്‍ മാനേജ്‌മെന്റ് പ്‌ളാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം തയ്യാറാക്കിയതായും പത്രക്കുറിപ്പില്‍ പറയുന്നു. വിദഗ്ധ സേവനം നല്‍കുന്നതിനായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) നിന്നും മൂന്ന് സ്‌പെഷ്യലിസ്റ്റുകളെത്തിയിട്ടുണ്ട്. ഡോക്ടര്‍മാരായ പല്‍മനോളജിസ്റ്റ് ഡോ. ജി.സി കില്‍നാനി, കാര്‍ഡിയോളജിസ്റ്റ് ഡോ.നിതീഷ് നായിക്ക്, അനസ്‌തേഷ്യോളജിസ്റ്റ് ഡോ.അഞ്ജന്‍ ട്രിക്ക എന്നിവരാണ് എത്തിയത്.
ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നേട്ടം വഹിക്കുന്ന ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീല്‍ ഇന്നും ജയലളിതയെ പരിശോധിച്ചു.അതേസമയം, ചികില്‍സ രണ്ടാഴ്ച പിന്നിടുമ്പോഴും ജയയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ സെപ്തംബര്‍ 22നാണ് പനിയെയും നിര്‍ജ്ജലീകരണത്തെയും തുടര്‍ന്ന് ജയലളിതയെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. ബ്രിട്ടനിലെ ലണ്ടന്‍ ബ്രിഡ്ജ് ഹോസ്പിറ്റലില്‍ നിന്നും ജയലളിതയെ ചികിത്സാക്കാന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ബെലെയും എത്തിയിരുന്നു.