തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര കറുത്ത ഇന്നോവ കാറിലേക്ക് മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പുതിയ കാറിലായിരുന്നു അവിടെ നിന്ന് യാത്ര ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളുടെ നിറത്തില്‍ മാറ്റം വന്നിട്ടില്ല.
പുതിയ കാറില്‍ മുഖ്യമന്ത്രി എ.കെ.ജി സെന്ററിലും എത്തി. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാമധ്യേ അഞ്ച് മിനിറ്റാണ് അദ്ദേഹം അവിടെ െചലവഴിച്ചത്. വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഉപയോഗിച്ച് വന്നത്. അതില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമാണ് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാറിന് സമര്‍പ്പിച്ചത്.
അതിന്റെ അടിസ്ഥാനത്തിലാണ് നാല് ഇന്നോവ കാറുകള്‍ വാങ്ങിയത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികള്‍ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശിപാര്‍ശയാണ് മുന്‍ ഡി.ജി.പി നല്‍കിയിരുന്നത്. അതാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.
രാത്രി സുരക്ഷക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിക്ക് കറുത്ത കാര്‍ ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രി ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത വാഹനങ്ങള്‍ സഹായിക്കും എന്ന വിലയിരുത്തലില്‍ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍ പെട്ടത്.
കാസര്‍കോട്ടെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. മൂന്നുവാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പുറകിലായുണ്ടായിരുന്ന മറ്റൊരു പൊലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് അപകടത്തില്‍ പെട്ടത്.