സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വഴി മുടക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ. എം.സി റോഡിൽ തിരുവല്ല മുതൽ സിമന്റ് കവലവരെയുള്ള 24 കിലോമീറ്റർ ദൂരത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്ന ഡ്രൈവറെ പിന്നീട് കെ.എസ്.ആർ.ടിസി സ്റ്റാൻഡിൽ വച്ചു പൊലീസ് പിടികൂടി. തിരുവനന്തപുരത്തു നിന്നു മൈസൂരിലേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി എ.സി ബസിന്റെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു. ഇതേ തുടർന്നു അരമണിക്കൂറിലേറെ വൈകിയാണ് നഗരത്തിലെ സ്വകാര്യ പരിപാടിയിൽ മുഖ്യമന്ത്രിയ്ക്കു പങ്കെടുക്കാനായത്.
വൈകിട്ട് ഏഴു മണിയ്ക്കാണ് ജില്ലയിലെ ഒരു ചടങ്ങിൽ മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടിയിരുന്നത്. പൊലീസ് അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തിരുവല്ല പിന്നിട്ടതോടെയാണ് വഴി മുടക്കി കെ.എസ്.ആർ.ടി.സി ബസ് മുന്നിലെത്തിയത്. തിരുവല്ല മുതൽ നാട്ടകം സിമന്റ് കവല വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു സൈഡ് നൽകാതെ കെ.എസ്.ആ്ർ.ടി.സി ബസ് മുന്നിൽ നിലയുറപ്പിച്ചു. പല തവണ മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ ഹോൺഅടിച്ചു സൈഡ് നൽകണമെന്നാവശ്യപ്പെട്ടിട്ടും കെ.എസ്.ആർ.ടിസി ഡ്രൈവർ തയ്യാറായില്ല. ഇടയ്ക്കു വാഹന വ്യൂഹം കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെങ്കിലും, നിമിഷങ്ങൾക്കകം ബസ് വീണ്ടും മുന്നിലെത്തി.
തുടർച്ചയായി ബസ് വാഹന വ്യൂഹത്തിനു തടസം സൃഷ്ടിച്ചതോടെ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വയർലസ് സെറ്റിലൂടെ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനെ വിവരം അറിയിച്ചു. ജില്ലാ അതിർത്തി കടന്നതോടെ പല സ്ഥലത്തു വ്ച്ചും ബസിനെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് കൈ കാട്ടിയിട്ടും നിർത്താതെ ബസ് അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടകം സിമന്റ് കവലയിൽ വച്ച് ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇതോടെ ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു കടന്നു പോകാൻ വഴിയൊരുക്കുകയായിരുന്നു. തുടർന്നു ഡി.വൈ.എസ്.പി സഖറിയ മാത്യു,വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ംഘം കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിലെത്തി ഡ്രൈവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന വ്യൂഹമാണെന്നു മനസിലാകാതിരുന്നതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നാണ് ഡ്രൈവർ നൽകിയ വിശദീകരണം. മൈസൂർ വരെ പോകേണ്ടതിനാൽ ഡ്രൈവർക്കെതിരെ നടപടിയെടുക്കാതെ വിട്ടയച്ചു. എന്നാൽ, പള്ളം മുതൽ നാട്ടകം സിമന്റ് കവല വരെയുള്ള നാലു കിലോമീറ്റർ ദൂരത്തു മാത്രമാണ് പ്രശ്നമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം