
സ്വന്തം ലേഖകൻ
തിരുവന്തപുരം: ഭരണത്തിന്റെ തണലിൽ അക്രമികൾക്ക് സർവ്വ സംരക്ഷണവും നൽകുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ച് വരുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു.കേന്ദ്രത്തിൽ സംഘപരിവാറിന്റെ അതേപാതയിലാണ് കേരളത്തിൽ സി.പി.എമ്മും. ഫാസിസ്റ്റ് ശൈലിയാണ് ഇരുകൂട്ടർക്കും. ബി.ജെ.പിക്ക് വർഗീയ ഫാസിസ്റ്റ് ശൈലിയാണെങ്കിൽ സി.പി.എമ്മിന് അക്രമഫാസിസ്റ്റ് ശൈലിയാണ്.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസിനും നേരെ സി.പിഎം അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ചവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.അക്രമങ്ങൾ തടയുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അനങ്ങാപാറ നയമാണ് അവരുടേത്. എല്ലാവരേയും ഒന്നായി കാണുമെന്നും ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവാന പാഴ്വാക്കായി.
അക്രമങ്ങൾ തടയണമെന്നും ക്രിമനലുകൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഒരുനടപടിയും എടുത്തില്ലെന്ന് മാത്രമല്ല അക്രമം ഇപ്പോഴും തുടരുകയാണെന്നും സുധീരൻ പറഞ്ഞു.