തിരുവനന്തപുരം:പെയിന്‍റ് വിവാദത്തില്‍ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍രംഗത്ത് . പ്രത്യേക കമ്പനിയുടെ പെയിന്‍റ് വേണമെന്ന് ബെഹ്റ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍ കോഡും സൂചിപ്പിക്കുക മാത്രമാണ് ബെഹ്റ ചെയ്തതെന്നും പിണറായി വിശദീകരിച്ചു. വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നിയമസഭയില്‍ മുഖ്യമന്ത്രി ബഹ്‌റയെ ന്യായീകരിച്ചത്.എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴവന്‍ പൊലീസ് സ്റ്റേഷനുകളിലും സി.ഐ, ഡി.വൈ.എസ്.പി ഒാഫീസുകളിലും ബ്രൗണ്‍ പെയിന്‍റ് അടിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവാണ് ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചത്. പൊലീസ് കെട്ടിടങ്ങളുടെ അകവും പുറവും ഏതെല്ലാം നിറം പൂശണമെന്ന് പ്രത്യേകമായി പറയുന്നുണ്ട്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും കളര്‍ കോഡും ബെഹ്റ നിര്‍ദേശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.ടെന്‍ഡറോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ പെയിന്‍റ് നിര്‍ദേശിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ എ.ഐ.ജി ഹരി ശങ്കറിനെ ഡി.ജി.പി ചുമതലപ്പെടുത്തി.