കാസര്‍കോട് : കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കില്ല. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അതുകൊണ്ടാണ് സംഭവം നടന്ന ഉടന്‍ തന്നെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. സിപിഐഎം എങ്ങനെയാണ് ഇത്തരം സംഭവം കാണുന്നത് എന്നതിനുള്ള തെളിവാണ് ഇത്. ഇത്തരം ആളുകള്‍ക്ക് സിപിഐഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാകില്ല എന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഉണ്ടായ ഉടന്‍ തന്നെ സര്‍ക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നടപടി സ്വീകരിക്കണം എന്ന നിര്‍ദേശം നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടി. എന്നാല്‍ അതിനെ ആരും തള്ളിപ്പറയുന്നത് കേട്ടില്ല. കൊലയ്ക്കുശേഷം അക്രമത്തിന് ലൈസന്‍സായി എന്നു കരുതുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് യാതൊരു വിധത്തിലുമുള്ള പക്ഷഭേദവും ഉണ്ടാകില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടിയാണ് പൊലീസ് സ്വീകരിക്കുക. രാജ്യത്തെ തന്നെ മികച്ച ക്രമസമാധാന പാലം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതു തന്നെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന പാര്‍ട്ടി സിപിഐഎമ്മാണ്. ഇടതുപക്ഷത്തിന് എതിരെയുള്ള പ്രചരണങ്ങള്‍ നീക്കങ്ങള്‍ ആദ്യമായി ഉണ്ടാകുന്നതല്ല. എന്നുതൊട്ട് ഈ പ്രസ്ഥാനം കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടോ അന്ന് തൊട്ട് ഇടുപക്ഷത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമകാരികളെ ദേവദൂതന്മാരായി ചിത്രീകരിച്ചു. ഇതിനെയെല്ലാം തരണം ചെയ്താണ് പാര്‍ട്ടി മുന്നോട്ട് വന്നത് എന്നും അദ്ദേഹം പറഞ്ഞു.