
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. ഹാജരാകാൻ രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്റെ കത്ത്.
തനിക്ക് കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ടെന്നും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യാവസ്ഥയ്ക്ക് തെളിവായി മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും എൻഫോഴ്സ്മെന്റിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതൽ സാവകാശം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സമീപിക്കുന്നത്.വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് സോണല്‍ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു മൂന്നാം തവണ ഇ.ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. നോട്ടീസ് കിട്ടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചത്.