സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർട്ടി സ്ഥാപകൻ എംവിആറിന്റെ മരണത്തോടെ നാമാവിശേഷമായ സിഎംപിയെ തളർത്താനുള്ള കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിനും യുഡിഎഫിനും ഒപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സി.പി ജോൺവിഭാഗത്തിനെ യുഡിഎഫും കോൺഗ്രസും ഒതുക്കാൽ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ജെ.എസ്.എസിനെപ്പോലെ സി.എം.പിയെ അവഗണിക്കാനാകില്ലെന്നു കോൺഗ്രസിനുള്ളിൽ എതിർ അഭിപ്രായവും ഉയർന്നിട്ടുണ്ട്. മുന്നണിയിലെ സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ ജെ.എസ്.എസിനേയും സി.എം.പിയേയും ഇക്കുറി ഒഴിവാക്കാൻ ചില കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു നീക്കമുണ്ടായിരുന്നു.
അതിനെതിരേയാണ് പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും എതിർപ്പുയരുന്നത്. നിലവിൽ ജെ.എസ്.എസ്. എന്നൊരു പാർട്ടി യു.ഡി.എഫിലില്ലെന്നും അതുകൊണ്ടുതന്നെ സി.എം.പിയെ തഴയേണ്ടതില്ലെന്നുമാണ് ഇവരുടെ പക്ഷം.
സി.എം.പിയെ ഒഴിവാക്കുന്നതിനോടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും താൽപര്യമില്ല. 1989ൽ മുന്നണിയിലെത്തിയതുമുതൽ ആത്മാർത്ഥമായിനിന്ന അവർക്ക് അർഹമായ അംഗീകാരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുമ്പ് പല പാർട്ടികളും മുന്നണിക്കുള്ളിൽ കലാപമുണ്ടാക്കിയപ്പോഴും എം.വി. രാഘവൻ സംയമനം പാലിച്ച് ഒപ്പംനിന്ന ചരിത്രമാണുള്ളത്. പിളർന്നശേഷവും സംഘടനാപരമായി എല്ലാ ജില്ലകളിലും സി.എം.പിക്കു പ്രാതിനിധ്യവുമുണ്ട്. അതുകൊണ്ടുതന്നെ അവരെ തെരഞ്ഞെടുപ്പിൽ ഒഴിവാക്കാൻ കഴിയില്ലെന്നും പരിഗണന നൽകണമെന്നുമാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിനൊപ്പം മുസ്ലിം ലീഗും ആവശ്യപ്പെടുന്നത്.
മുന്നണിയിൽ വന്നശേഷം ജെ.എസ്.എസ്. എന്നും തലവേദന മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന അഭിപ്രായവും കോൺഗ്രസ് നേതാക്കൾക്കുണ്ട്. വെള്ളാപ്പള്ളി നടേശനു പാർട്ടിയുണ്ടാക്കാൻ ഉപദേശം നൽകിയ നേതാവിന്റെ പാർട്ടിയെ അംഗീകരിക്കാൻ കഴിയില്ല. യു.ഡി.എഫ്.വിട്ട ഗൗരിയമ്മയുമായി വീണ്ടും കൂട്ടുകൂടാൻ രാജൻബാബു തീരുമാനിച്ച സാഹചര്യത്തിൽ ഇനി ജെ.എസ്.എസിന്റെ കാര്യം പറയുന്നതിൽ പ്രസക്തിയില്ല. അതിനാൽ ജെ.എസ്.എസിനേയൂം സി.എം.പിയേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി പരിഗണിക്കേണ്ടതില്ല. തൃശൂരിലെ കോൺഗ്രസ് നേതൃത്വമാണ് സി.എം.പിയുടെ സീറ്റ് എടുക്കണമെന്നു വാദിച്ചത്. ഇതിനോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും അദ്ദേഹത്തോട് അടുത്തവൃത്തങ്ങളും.