സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ആശുപത്രിയിലെ ഐ.സി.യു ഒഴിപ്പിച്ചതോടെ ജീവൻ നഷ്ടമായത് ഏഷ്യൻ ചാംമ്പ്യനായ മലയാളി കായിക താരത്തിന്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലടക്കം നിരവധി മെഡലുകൾ നേടിയ ഏഷ്യൻ കിക്ക് ബോക്‌സിങ് ചാമ്പ്യൻ ഏറ്റുമാനൂർ കാണക്കാരി വട്ടുകുളം കൊച്ചുപറമ്പിൽ കെ.കെ ഹരികൃഷ്ണനാണ് അധികാര ദുർവിനിയോഗത്തിന്റെ അഹന്തയ്ക്കു മുന്നിൽ ജീവൻ പൊലിയേണ്ടി വന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഹരി ദേശീയ തലത്തിൽ പന്ത്രണ്ടു തവണയാണ് സ്വർണ മെഡൽ നേടിയിരിക്കുന്നത്.
ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു തിരുവോണ ദിവസമാണ് ഹരികൃഷ്ണൻ ഛത്തീസ്ഗഡിൽ എത്തിയത്. സെപ്റ്റംബർ പത്തിനായിരുന്നു മത്സരത്തിന്റെ ഫൈനൽ. മഹാരാഷ്ട്രയിൽ നിന്നുള്ള താരവുമായി ഫൈനിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഹരിയുടെ തലയ്ക്കു പരിക്കേറ്റു. രണ്ടു റൗണ്ട് മത്സരം കഴിഞ്ഞ് മൂന്നാം റൗണ്ടിലേയ്ക്കു കടക്കുന്നതിനു മുൻപ് ഹരി ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞു വീണു. ഉടൻ തന്നെ ഒഫീഷ്യലുകൾ ചേർന്ന് ഹരിയെ സമീപത്തെ അംബേദ്ക്കർ ആശുപത്രിയിൽ എത്തിച്ചു. സംസ്ഥാന സർക്കാർ ഇടപെട്ടതോടെ ആശുപത്രിയിലെ വിവിഐപി മുറിയും, ഐ.സി.യുവും തന്നെ ഇവർക്കായി ഒരുക്കി നൽകി.
എന്നാൽ, കഴിഞ്ഞ രണ്ടിനു മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഹരിയെ അടക്കം ഐ.സി.യുവിൽ കിടന്ന രോഗികളെ എല്ലാം പുറത്താക്കി. ഇതോടെ ഹരിയെ എട്ട് ലക്ഷം രൂപ മുടക്കി എയർ ആംബുലൻസിൽ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്കു കൊണ്ടു വരികയായിരുന്നു. ആശുപത്രി മാറ്റത്തെ തുടർന്നുണ്ടായ അണുബാധയാണ് ഹരിയുടെ മരണ കാരണമെന്നു സംശയിക്കുന്നു. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. അച്ഛൻ കൃഷ്ണൻ കുട്ടി കോട്ടയം കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരനാണ്. അമ്മ ശാന്തകുമാരി, സഹോദരി കെ.കെ അഞ്ജലി.