സിപിഎം മന്ത്രിമാര്‍ കുടുങ്ങും; സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; ഇടതുപാര്‍ട്ടികളുടെ പൊയ്മുഖം പൊളിയുന്നു

തിരുവനന്തപുരം: സഹകരണബാങ്കുകളില്‍ സിപിഎം നേതാക്കളുടെ കള്ളപ്പണമുണ്ടെന്ന് തെളിഞ്ഞതോടെ സിപിഎമ്മും പിണറായി മന്ത്രിസഭയും കടുത്ത പ്രതിരോധത്തില്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഇടതുപാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളില്‍ സിപിഎം മന്ത്രിമാരുടേതുള്‍പ്പെടെ കോടികളുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്ത് വരുന്നത്.

തലസ്ഥാന ജില്ലയിലെ രണ്ട് ബാങ്കുകളില്‍ സിപിഎം നേതാക്കളുടെ കള്ളപ്പണമുള്ളതായി മംഗളം ഇന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ ബാങ്കിന്റെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നില്ല. പിന്നീട് നടത്തി അന്വേഷണത്തില്‍ ഇപ്പോള്‍ ബാങ്കിന്റെ വിവരങ്ങളും പുറത്തായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം പിടിച്ചതെന്ന് വ്യക്തമായി. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണ്ട്. ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങള്‍ അജ്ഞാതമാണ്. മന്ത്രിയുടെ അടുപ്പക്കാരനും സിപിഎം യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. അതിന് ശേഷം പേരുവിവരങ്ങള്‍ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരില്‍ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയത് ചില സിപിഎം നേതാക്കാളും സ്ഥിരകരിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാക്കള്‍ കൊടും അഴിമതിക്കാരാണെന്ന ആരോപണത്തിലേക്കാണ് കള്ളപ്പണ വേട്ട എത്തുക. ഇത് സിപിഎമ്മിന് രാജ്യത്താകെ നാണകേടുണ്ടാക്കും.

റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഉണ്ട്. മന്ത്രിയായ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മുതലുള്ള നിക്ഷേപമാണ് പലതും. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാല്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കും. എന്നാല്‍ മന്ത്രി ഇതൊന്നും തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലായെന്നത് തലവേദനയാകുമെന്നാണ് സൂചന.

സിപിഎം നിയന്ത്രണത്തിലുള്ള പേരൂര്‍ക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവിടേയും കോടികളുടെ നിക്ഷേപം ഉറവിടമില്ലാതെ കണ്ടെത്താനായെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ ബാങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്തും. എന്നാല്‍ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചില്‍ തീര്‍ത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങള്‍ പേട്ട ബ്രാഞ്ചില്‍ കണ്ടെത്തി. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മുന്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ സിപിഎമ്മിലെ യുവ നേതാവാണ് മന്ത്രിയുടെ ഇടനിലക്കാരനെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരകുളത്തും പേരൂര്‍ക്കടയിലും ഇടത് മന്ത്രിക്ക് നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

സഹകരണ ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കില്‍ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കില്‍ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് ഭാര്യയുടേയും മന്ത്രിയുടേയും പേരിലെ നിക്ഷേപങ്ങളുടെ കള്ളപ്പണത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നത്. കോടികളുടെ നിക്ഷേപം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ഈ മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ലക്ഷം രൂപയില്‍ താഴെ സഹകരണ നിക്ഷേപത്തിന്റെ കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ഇത് കടകംപള്ളി ബാങ്കിലേതുമാണ്.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ് ആരോപണ വിധേയനായ മന്ത്രി. ഈ നേതാവിന്റെ അടുത്ത അനുയായിയ്ക്കെതിരേയാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുവ നേതാവിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. എസ് എഫ് ഐയിലൂടെ ഉയര്‍ന്നു വന്ന നേതാവിന് ഇത്രയും നിക്ഷേപിക്കാനുള്ള ഉറവിടമില്ലെന്നും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു. കടകംപള്ളി ബാങ്കില്‍ ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. സിപിഎം വിഭാഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഭാഗീയതയാണ് ബാങ്കിലെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിച്ചതെന്നാണ് സൂചന. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിന്റെ പേട്ട ബ്രാഞ്ചില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. കരകുളത്തും പേര്‍ക്കടയിലും പരിശോധന എത്തിയതോടെ നിക്ഷേപത്തിന്റെ കണക്കുകള്‍ ഉയര്‍ന്നു.

മന്ത്രിയുടേതിന് സമാനമായി പത്തോളം പ്രമുഖ നേതാക്കള്‍ക്കും ഇവിടെ നിക്ഷേപമുണ്ട്. പേരൂര്‍ക്കടയിലും ഇത് തന്നെയാണ് അവസ്ഥ. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പ്പെട്ടവരുടേയും നിക്ഷേപം സിപിഎം നിയന്ത്രണ ബാങ്കിലുണ്ടെന്നും അവര്‍ സ്ഥിരീകരിക്കുന്നു. ഏതായാലും തിരുവനന്തപുരത്തെ മറ്റ് സഹകരണ ബാങ്കുകളിലും പരിശോധന കര്‍ശനമാക്കാനാണ് നീക്കം. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായക സ്വാധീനമുള്ള ബാങ്കുകള്‍ ഇവിടെയുണ്ട്. രാഷ്ട്രീയ പരിഗണന നോക്കാതെ ഈ ബാങ്കുകളിലെല്ലാം പരിശോധന നടത്താനാണ് നീക്കം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്നാണ് സൂചന. ഏതായാലും കടകംപള്ളിയിലേയും പേരൂര്‍ക്കടിയലേതിനും സമാനമായ പരിശോധനകള്‍ നേതാക്കള്‍ക്കും തലവേദനയാകും.

Top