പാമ്പുകള്‍ക്കൊപ്പം സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ ഇന്തോനേഷ്യന്‍ പോപ് ഗായിക ഇര്‍മ ബുലെ(29) അന്തരിച്ചു. രാജവെമ്പാലയുടെ കടിയേറ്റ ശേഷം 45 മിനുറ്റോളം പരിപാടി അവതരിപ്പിച്ച ഇര്‍മ ബുലെ സ്റ്റേജില്‍ വെച്ച് മരിച്ചു വീഴുകയായിരുന്നു. പാമ്പുകള്‍ക്കൊപ്പം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ പോപ് താരമാണ് ഇര്‍മ ബുലെ.
രണ്ടാമത്തെ പാട്ട് പാടുന്നതിനിടെ അബദ്ധത്തില്‍ രാജവെമ്പാലയുടെ വാലില്‍ ചവിട്ടിയപ്പോഴാണ് ഇര്‍മ ബുലെക്ക് കടിയേറ്റത്. കാലില്‍ കടിച്ച രാജവെമ്പാലയെ പാമ്പുകളെ നോക്കുന്ന വിദഗ്ധന്‍ എത്തിയാണ് മാറ്റിയത്. തുടര്‍ന്ന് വൈദ്യസഹായം സ്വീകരിക്കുന്നതില്‍ ഇര്‍മ ബുലെ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വിഷപ്പല്ല് നീക്കിയ പാമ്പാണ് തന്നെ കടിച്ചതെന്ന ധാരണയിലാണ് പോപ് താരം വൈദ്യസഹായം സ്വീകരിച്ചതെന്നും സൂചനയുണ്ട്.
പാമ്പ് കടിയേറ്റ ശേഷം 45 മിനുറ്റോളം ഇര്‍മ ബുലെ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിച്ചു. തുടര്‍ന്ന് വിറയലും ശര്‍ദ്ദിയും അനുഭവപ്പെട്ട ഇര്‍മ ബുലെയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടി കാണാനെത്തിയവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
18 അടി വരെ വലിപ്പം വെക്കുന്ന രാജവെമ്പാലകള്‍ ഇന്ത്യയിലും ദക്ഷിണ ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് കാണപ്പെടുന്നത്. പാമ്പുകളിലെ ഏറ്റവും അപകടകാരികളിലൊന്നാണ് രാജവമ്പാലകള്‍. ഒരു തവണ രാജവെമ്പാല കടിക്കുമ്പോള്‍ പുറത്തുവിടുന്ന വിഷത്തിന് ഒരു ആനയേയും 20 മനുഷ്യരേയും കൊല്ലാനുള്ള ശേഷിയുണ്ട്.
https://youtu.be/wo8FQ4OGIxI