പ്ലാച്ചിമടയിൽ പൂട്ടിപ്പോയ ഫാക്ടറി ഭൂമിയിൽ പുതിയ സംരംഭം തുടങ്ങാൻ അപേക്ഷയുമായി കൊക്കക്കോള കമ്പനി. സാമൂഹ്യസേവനത്തിലൂന്നിയ പദ്ധതികൾ നടപ്പാക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് പെരുമാട്ടി പഞ്ചായത്തിൽ കമ്പനി അധികൃതർ അപേക്ഷ നൽകി. ജലചൂഷണത്തിന്‍റെ പേരിൽ ശക്തമായ സമരങ്ങളെ തുടർന്നാണ് പ്ലാച്ചിമടയിലെ കൊക്കകോളയുടെ പ്ലാന്‍റ് പൂട്ടുന്നത്. തുടർന്ന് 14 വർഷക്കാലം വെറുതെ കിടന്ന കമ്പനിയുടെ 34 ഏക്കറിലാണ് സന്നദ്ധ പ്രവർത്തനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ഇപ്പോൾ കമ്പനി എത്തുന്നത്.
പദ്ധതിയുടെ രൂപരേഖ അംഗീകാരത്തിനായി പെരുമാട്ടി പഞ്ചായത്തിന് സമർപ്പിച്ചു. എന്നാൽ ജലചൂഷണം ഉണ്ടാവില്ല എന്ന് ഉറപ്പായതിന് ശേഷമേ പദ്ധതിക്ക് അനുമതി നൽകൂ എന്നാണ് പഞ്ചായത്തിന്‍റെ നിലപാട്. വിശദമായ പരിശോധനകൾക്ക് ശേഷമേ അന്തിമാനുമതി നൽകാവൂ എന്നാണ് പ്രദേശവാസികളുടെ നിലപാട്. ജലചൂഷണം അനുദിക്കില്ല. മൂന്നുവർഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ ആരോഗ്യം, കൃഷി എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.