കൊച്ചി: കേരളത്തിന്റെ വികസന വഴിയില്‍ പുതിയൊരു ഏടാണ് ഇന്നലെ ഉത്ഘാടനം കഴിഞ്ഞ നെടുമ്പാശ്ശേരിയിലെ പുതിയ വിമാനത്താവള ടെര്‍മിനല്‍. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളോട് കിടപിടിക്കാന്‍ പോന്ന വിധത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളുമായിട്ടാണ് പുതിയ ടെര്‍മിനലിന്റെ രൂപകല്‍പ്പന.മുഖ്യമന്ത്രി പിണറായി വിജയനാണ് ലോകത്തെ അസൂയപ്പെടുത്തും വിധത്തില്‍ കേരളം ഒരുക്കിയ വിമാനത്താവള ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നലെ വൈകിട്ട് 4.35നു മസ്‌കറ്റില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ടി 3 ടെര്‍മിനലിന്റെ ഏപ്രണില്‍ എത്തിയതോടെ പുതിയ ചരിത്രത്തിന് നാന്ദിയായി.
രാജ്യാന്തര ടെര്‍മിനലിലേക്ക് ആദ്യമെത്തിയ വിമാനത്തിന് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ജലപീരങ്കികളില്‍ നിന്നു വെള്ളം ചീറ്റിച്ചു ജല അഭിവാദ്യം നല്‍കിയാണ് ആദ്യ വിമാനത്തെ സ്വീകരിച്ചത്. യാത്രക്കാരെയും വിമാന ജീവനക്കാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. ആദ്യമിറങ്ങിയ യാത്രക്കാരനായ ആനന്ദിന് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ടെര്‍മിനലും ദേശീയപാതയില്‍ നിന്നുള്ള നാലുവരിപ്പാതയും മേല്‍പാലവും സൗരോര്‍ജ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഒന്നാം ഘട്ടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ മാത്രം ആവശ്യമാണെന്ന കാഴ്ചപ്പാടു മാറിയതാണു വികസന കാര്യത്തില്‍ സംഭവിച്ച വലിയ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന രീതി മികച്ച നിലയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിനു കഴിഞ്ഞു. ജനകീയ പങ്കാളിത്തം കൊണ്ടു വിമാനത്താവളം പോലും സാധ്യമാക്കാമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണു കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (സിയാല്‍). രാജ്യത്തിന് അഭിമാനമായി മാറാന്‍ ഈ വിമാനത്താവളത്തിനു കഴിഞ്ഞു. ആറു മാസത്തിനകം കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ നാലു വിമാനത്താവളങ്ങളാകും.
ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വിമാനത്താവളം കൂടി വേണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. എവിടെ വേണമെന്ന കാര്യത്തില്‍ പഠനം നടക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ പറ്റില്ലെന്ന നിലപാടിലാണു ഡിജിസിഎ. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്തും അയച്ചിട്ടുണ്ട്. സിയാല്‍ ആരംഭിക്കുമ്പോള്‍ പല തടസ്സങ്ങളുമുണ്ടായിരുന്നു.
ക്ലേശകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സും അര്‍പ്പണബോധവും അഴിമതി രഹിതവുമായ പ്രവര്‍ത്തനമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യം. സാധാരണ ഗതിയില്‍ ലാഭം സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം സാമൂഹികവല്‍ക്കരിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍, സിയാല്‍ അങ്ങനെയല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 524.54 കോടി രൂപ വരുമാനവും 175 കോടി രൂപ ലാഭവുമുണ്ടാക്കിയ സിയാല്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്കായി കോടികളാണു നല്‍കുന്നത്.
ശുചിത്വ മിഷനു നാലു കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളജ് ബ്ലോക്ക് നിര്‍മ്മാണത്തിന് 10 കോടിയും നാലു പഞ്ചായത്തുകളിലെയും അങ്കമാലി മുനിസിപ്പാലിറ്റിയിലെയും ജലനിധി പദ്ധതിക്കായി 17 കോടിയും നല്‍കി. വിമാനത്താവളത്തിനായി സ്ഥലം വിട്ടുനല്‍കിയവരെ പുനരധിവസിപ്പിച്ചു. അതില്‍ 822 പേര്‍ക്കു തൊഴില്‍ നല്‍കി.
വാക്കുകള്‍ക്ക് അപ്പുറത്തുള്ള സാമൂഹിക പ്രതിബദ്ധതയാണു സിയാല്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപ പ്രദേശങ്ങളുടെ മുഖഛായ സിയാല്‍ മാറ്റിയതുപോലെ കിഫ്ബിയിലൂടെ നടപ്പാക്കുന്ന 50,000 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു. ജനകീയ പങ്കാളിത്തത്തിലൂടെ വിമാനത്താവളം എന്ന ആശയം താന്‍ മുന്നോട്ടുവച്ചപ്പോള്‍ ഭ്രാന്തന്‍ ആശയമെന്നു പരിഹസിക്കുകയാണു മിക്കവരും ചെയ്തതെന്നു സിയാല്‍ എംഡി: വി.കെ.കുര്യന്‍ പറഞ്ഞു.
എന്നാല്‍, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അതേറ്റെടുത്തു പദ്ധതിക്ക് അനുമതി നല്‍കി. പിന്നീടു വന്ന മുഖ്യമന്ത്രിമാരും സിയാലിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ മാത്യു ടി. തോമസ്, വി എസ്. സുനില്‍കുമാര്‍, കെ.വി. തോമസ് എംപി, എംഎല്‍എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി, കെ. റോയ് പോള്‍, സി.വി. ജേക്കബ്, എ.കെ. രമണി, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു, എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എം. ഷബീര്‍, വിമാനത്താവള ഡയറക്ടര്‍ എ.സി.കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടി 3 കൊച്ചി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലാണ്. ടെര്‍മിനലിനു മാത്രം നിര്‍മ്മാണച്ചെലവ് 850 കോടി രൂപ. ഏപ്രണ്‍ നിര്‍മ്മാണച്ചെലവ് 175 കോടി. നാലുവരിപ്പാതയ്ക്കും മേല്‍പാലത്തിനും ചെലവ് 98 കോടി. ചെലവു ചുരുക്കി നിര്‍മ്മിച്ച ടെര്‍മിനലില്‍ ആധുനിക സൗകര്യങ്ങള്‍ക്കു കുറവില്ല. തൃശൂര്‍ പൂരമെന്ന ആശയത്തില്‍ ഒരുക്കിയ ഉള്‍ച്ചമയം മനോഹരം. ഇരുനില മന്ദിരത്തില്‍ 84 ചെക്ക് ഇന്‍ കൗണ്ടര്‍, 10 എസ്‌കലേറ്റര്‍, 21 എലിവേറ്റര്‍, മൂന്നു വാക്കിങ് വേ, മൂവായിരം നിരീക്ഷണ ക്യാമറ, സിടി സ്‌കാനര്‍ ഉള്‍പ്പെട്ട അത്യാധുനിക ബാഗേജ് സംവിധാനം, 33,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 20 വര്‍ഷത്തേക്കുള്ള തിരക്കു മുന്‍കൂട്ടി കണ്ടാണു സൗകര്യങ്ങളൊരുക്കിയത്.