കൊച്ചി: അനുമതിയില്ലാതെ കേരളത്തിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളില്ലെത്തിച്ച കാരവനുകള്‍ക്ക് പിഴയീടാക്കി സം്സ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം കാക്കനാട്ടെ ലൊക്കോഷനിലേയ്ക്ക് നയന്‍താരയ്ക്കും നിവിന്‍ പോളിയ്ക്കും സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസനും. കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ടത്. ബെഡ് റൂ ം അടുക്കള ശുചിമുറി തുടങ്ങിയ രീതിയിലേയ്ക്ക് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.
ലൗ ആക്ഷന്‍ ഡ്രാമയെന്ന സിനിമയുടെ സെറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിംഗിനും കൊച്ചി ആര്‍ടിഒയ്ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി എത്തുമ്പോള്‍ മൂന്നു കാരവനുകളും വില്ലാ സമുച്ചയത്തില്‍ ഒതുക്കി നിര്‍ത്തിയ അവസ്ഥയിലായിരുന്നു. ഡ്രൈവര്‍മാരും, ക്രൂവും മാത്രമാണ് അപ്പോള്‍ കാരവനിലുണ്ടായിരുന്നത്. വില്ലയില്‍ രാത്രി സീനുകള്‍ ചിത്രീകരിക്കുകയായിരുന്നു. വില്ലാ അധികൃതരെ വിളിച്ച് അകത്ത് കടന്നാണ് സ്‌ക്വാഡ് ഉള്ളില്‍ കടന്നത്. ഒരു തമിഴ്നാട് രജിസ്‌ട്രേഷനും രണ്ടു കേരളാ രജിസ്‌ട്രേഷന്‍ കാരവനുകളുമാണ് പിടിച്ചത്. തമിഴ്നാട് രജിസ്‌ട്രേഷന്‍ നയന്‍താരയ്ക്ക് വേണ്ടിയാണ് എത്തിയത്. ഒരു കാരവന്‍ 19 സീറ്റുള്ള വാന്‍ ആയിരുന്നു. അത് രൂപമാറ്റം വരുത്തി കാരവന്‍ ആക്കുകയാണ് ചെയ്തത്. ഈ വാഹനത്തിനു ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ടാക്സ് ചുമത്തി. രണ്ടു വര്ഷമായുള്ള ടാക്സ് തന്നെ ഇത്രയും തുക വരും.
കേരളാ രജിസ്‌ട്രേഷന്‍ ഉള്ള ഒരു വണ്ടി കാരവന്‍ ആയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷെ അത് ടാക്സി രജിസ്‌ട്രേഷന്‍ അല്ല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആണ്. അത് വാടകയ്ക്ക് നല്‍കിയതിനാല്‍ 10000 രൂപ പിഴയിട്ടു. തമിഴ്നാട് കാരവന് 40000 രൂപ ടാക്‌സും 10000 രൂപ പിഴയും ചുമത്തി. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമായതിനാലാണ് പിഴയും ടാക്‌സും ചുമത്തിയത്. മാനേജരെ വിളിച്ചു വരുത്തിയപ്പോള്‍ ഫൈന്‍ അപ്പോള്‍ തന്നെ അടയ്ക്കാം എന്ന് കാരവന്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ പിഴ ഈടാക്കി വണ്ടികള്‍ വിട്ടുനല്‍കുകയായിരുന്നു. മുന്‍പും ഇതേ സ്‌ക്വഡ് കൂടുതല്‍ കാരവനുകള്‍ പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു കാരവന്‍ മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ കാരവനായിരുന്നു. അത് പിന്നെ മോട്ടോര്‍ വാഹനവകുപ്പ് തന്നെ നിര്‍ദ്ദേശം നല്‍കി കേരളാ രജിസ്‌ട്രേഷന്‍ ആക്കി മാറ്റി. പിന്നീട് അത് ടാക്സിയാക്കി മാറ്റുകയും ചെയ്തു.
പഴയ വണ്ടികള്‍ ഇനി കാരവന്‍ ആയി ഓടിക്കാന്‍ സാധിക്കില്ല. പുതിയ വണ്ടികള്‍ക്ക് മാത്രമേ കാരവന്‍ രൂപമാറ്റത്തിനു നിയമപരമായി സാധുതയുള്ളൂ. പിടിക്കപ്പെടാതെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒട്ടനവധി കാരവനുകള്‍ ഇപ്പോഴും ഓടുന്നുണ്ട്. രഹസ്യ വിവരം ലഭിക്കുമ്പോള്‍ മാത്രമേ മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡുകള്‍ റെയിഡിന് എത്തുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ തന്നെ ചെറിയ ഫൈന്‍ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് കൂടുതല്‍ കാരവന്‍ ആയി മാറുന്നത്. അവിടെ പെട്ടെന്നു അനുമതി ലഭിക്കും. കൂടുതല്‍ ഷൂട്ടിങ് നടക്കുന്നതും തമിഴ്നാടാണ്.