![pinarayi-vijayan](https://dailyindianherald.com/wp-content/uploads/2016/07/pinarayi-vijayan-2.jpg)
തിരുവന്തപുരം:പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാരിതോഷികങ്ങളും സ്വീകരിക്കരുതെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയാടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുത്. നിലപാടുകളില്‍ വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ പ്രതിഫലിക്കരുത്. കാര്യസാധ്യത്തിനായി വരുന്ന ഇടനിലക്കാരെ സൂക്ഷിക്കണം. ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കണം. ഓഫീസിലില്ലാത്തപ്പോള്‍ എവിടെയാണെന്ന് അറിയിച്ചിരിക്കണം. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടാന്‍ പാടില്ല.സ്ഥലം മാറ്റത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല. ഇതിനായി പൊതുമാനദണ്ഡമുണ്ടാക്കും എന്നിവയാണ് യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍.അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലെ കാലതാമസവും പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഫയല്‍ നീക്കം വേഗത്തിലാക്കാനും ഓഫീസ് പ്രവര്‍ത്തനത്തിലെ അപാകത ഒഴിവാക്കാനുമായി മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കി. കഴിഞ്ഞവാരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ വഴിയാണു യോഗത്തില്‍ പങ്കെടുക്കാന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.