തിരുവനന്തപുരം: ചികിത്സാപിഴവില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ അമ്മയുടെ സമരം. സെക്രട്ടറിയേറ്റിനുമുന്നില്‍ ശവപ്പെട്ടിയില്‍ കിടന്നാണ് അധികൃതരുടെ കണ്ണുതുറക്കാന്‍വേണ്ടി അമ്മയുടെ സമരം.
മൃതദേഹത്തിന് സമാനമായി പുഷ്പാലംകൃതമായ പെട്ടിയില്‍ റീത്ത് വച്ച് കിടന്നായിരുന്നു കുഞ്ഞിന്റെ അമ്മ രമയുടെ പ്രതിഷേധം. കഴിഞ്ഞ ജൂലായ് 10നാണ് എസ്.എ.ടിയിലെ ചികിത്സയ്ക്കിടയില്‍ ഊരൂട്ടമ്പലം കോട്ടമുകള്‍ വിലങ്ങറത്തല കിഴക്കുകര വീട്ടില്‍ സുരേഷ് ബാബുവിന്റെ മകള്‍ രുദ്ര മരിച്ചത്.
മരണകാരണം ഡോക്ടറുടെ പിഴവാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് സുരേഷ് ബാബുവും കുടുംബവും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. മുന്‍പ് നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
കെപിസിസി മുന്‍ പ്രസിഡന്റ് വി എം. സുധീരന്റെയും വി എസ്. അച്യുതാനന്ദന്റെയും ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 10 മാസം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് വീണ്ടും ശവപ്പെട്ടി സമരവുമായി ഈ ദമ്പതികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡയപ്പറിന്റെ ഉപയോഗം മൂലമുണ്ടായ അലര്‍ജിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിച്ച കുട്ടി എസ്.എ.ടി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 25 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത്. ചികിത്സാ പിഴവാരോപിച്ച് നല്‍കിയ പരാതിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും ന്യുമോണിയയാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.