തിരുവനന്തപുരം: മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ട് സംഘത്തെ തേടിയുള്ള യാത്രയില്‍ ഞെട്ടിയത് കേരള പോലീസ്. കബാലി ഉള്‍പ്പെടെയുള്ള സിനിമകളുടെ വ്യാജന്‍ പ്രചരിപ്പിച്ച സംഘത്തെ കേരളാ പൊലീസ് സമര്‍ത്ഥമായി കുടുക്കി. ഇതോടെ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന വ്യാജ പതിപ്പുകളുടെ പ്രചാരണത്തിന് അറുതിയാകുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ. സിനിമയ്ക്കാകെ അതിജീവനത്തിന് കരുത്താവുകായണ്.
പുലിമുരുകന്റെ വ്യാജ പതിപ്പിറക്കിയതുമായി ബന്ധപ്പെട്ട് ആന്റി പൈറസി വിഭാഗത്തിന്റെ പിടിയിലായത് കരുതലോടെ പ്രവര്‍ത്തിച്ച വ്യാജ വിഡിയോ മാഫിയയാണ്. കോടികളുടെ മുടക്കും താരമൂല്യവുമുള്ള ചിത്രങ്ങളുടെ വ്യാജ പതിപ്പ് റിലീസിങ് ദിവസംതന്നെ സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് കോടികളുണ്ടാക്കിയവര്‍. ഇതിനിടെയില്‍ പെട്ടുപോയത് പാവപ്പെട്ട നിര്‍മ്മാതാക്കളാണ്. രാമനാഥപുരം പരമക്കുടി സിരഹിക്കോട്ട കീല സ്ട്രീറ്റില്‍ ഹൗസ് നമ്പര്‍ 3/82ല്‍ ശ്രീനിവാസന്റെ മകന്‍ സതീഷ് (25), കോയമ്പത്തൂര്‍ പീലമേട് മുരുകനഗറില്‍ സി. 68 ഹൗസില്‍ ഭുവനേഷ് ( 40) എന്നിവരാണ് പിടിയിലായത്. ഇതോടെ തമിഴ് റോക്കേഴ്സിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് പ്രതീക്ഷ.
താരപ്പൊലിമയും കോടികളുടെ മുടക്കുമുള്ള സിനിമകള്‍ ഏത് ഭാഷയിലായാലും സതീഷും ഭുവനേഷും റിലീസിങ് ദിവസം തന്നെ തിയേറ്ററുകളിലെത്തും. തങ്ങളുടെ കൈവശമുള്ള മുന്തിയ ഇനം കാമറയില്‍ സിനിമ പകര്‍ത്തി അടുത്ത ഷോയ്ക്ക് മുന്നേ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യും. ഈ വിവരം വ്യാജ മെയില്‍, ഫേസ് ബുക്ക് അക്കൗണ്ടുകള്‍ വഴി ഇവര്‍ തന്നെ പ്രചരിപ്പിക്കും. അതോടെ വിദ്യാര്‍ത്ഥികളും ടീനേജുകാരുമുള്‍പ്പെടെ സൈറ്റുകളില്‍ നിന്ന് ഇവ കോപ്പി ചെയ്യും. തിരുവനന്തപുരത്ത് സെന്‍സറിംഗിനെത്തിയ പതിപ്പില്‍ നിന്ന് ജീവനക്കാരന്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തിയ പ്രേമം സിനിമ തമിഴ് റോക്കേഴ്സിന്റെ കൈവശമെത്തിയതുകൊല്ലത്തുനിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥി വഴിയായിരുന്നു. പ്രമേത്തിന് പിറകെ പുലിമുരുകനും തമിഴ് റോക്കേഴ്സിനെ തകര്‍ക്കാനെത്തി.
തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റര്‍മാരാണ് പിടിയിലായവര്‍. ഐ.ടി.ഐയും കമ്പ്യൂട്ടര്‍ പരിശീലനവും നേടിയിട്ടുള്ള സതീഷും ബിരുദാനന്തര ബിരുദധാരിയായ ഭുവനേഷും ഏതാനും വര്‍ഷം മുമ്പാണ് തമിഴ് റോക്കേഴ്സ് എന്ന സൈറ്റുണ്ടാക്കി സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. കോയമ്പത്തൂരും ചെന്നൈയും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. തമിഴ്, മലയാളം, ഹിന്ദി, ഉറുദു, തെലുങ്ക് തുടങ്ങിയ ഭാഷകളിലേയും വിദേശ ചിത്രങ്ങളുമടക്കം ആയിരക്കണക്കിന് സിനിമകളാണ് ഏതാനും വര്‍ഷങ്ങള്‍ക്കകം ഇവര്‍ കോപ്പി ചെയ്ത് പ്രചരിപ്പിച്ചത്. രാജ്യാന്തര ബന്ധമുള്ള വന്‍ ശൃംഖല ഇവര്‍ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.
ലക്ഷക്കണക്കിനുപേര്‍ വര്‍ഷങ്ങളായി ഇവരുടെ ടോറന്റ് സൈറ്രുകളില്‍ നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് റോക്കേഴ്സിനു പുറമേ റോക്കേഴ്സ് ഇന്‍, റോക്കേഴ്സ് ലാ, തിരുട്ട് വിസിഡ് തുടങ്ങിയ സൈറ്റുകള്‍ വഴിയും സിനിമകള്‍ പ്രചരിപ്പിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് പ്രേമമെന്ന മലയാളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതു മുതല്‍ തുടങ്ങിയ അന്വേഷണമാണ് പുലിമുരുകനിലൂടെ അറസ്റ്റിലേക്ക് എത്തുന്നത്. രജനികാന്തിന്റെ കബാലിയുള്‍പ്പെടെ പുതിയ തമിഴ് ചിത്രങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും പൈറസികേസുകളുടെ അന്വേഷണത്തില്‍ തമിഴ്നാട് പൊലീസ് ശക്തമായ ഇടപെടല്‍ നടത്താതിരുന്നത് ഇവര്‍ക്ക് തുണയായി.
കോയമ്പത്തൂര്‍ ടൗണിലെയും ചെന്നൈ നഗരത്തിലെയും തമിഴ് റോക്കേഴ്സിന്റെ ഓഫീസുകള്‍ അന്വേഷിച്ച് കേരളാ പൊലീസിലെ ആന്റി പൈറസി വിഭാഗം അവിടെയെത്തിയത് ജയലളിത മരണപ്പെട്ട ദിവസമായിരുന്നു. അതുകൊണ്ട് തന്നെ ഒരു സംശയവും തോന്നാതെ ഓപ്പറേഷന് കഴിഞ്ഞു. പുലിമുരുകന്‍ അപ് ലോഡ് ചെയ്ത തമിഴ് റോക്കേഴ്സെന്ന സൈറ്റിന്റെ ഐ.പി അഡ്രസ് കണ്ടെത്തിയതായിരുന്നു നിര്‍ണ്ണായകമായത്. വ്യാജ വിലാസത്തില്‍ തരപ്പെടുത്തിയ ഇന്റര്‍നെറ്റ് കണക്ഷന്റെ ഉടമയെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് സഹായത്തോടെ നടത്തിയ നിരീക്ഷണമാണ് വഴിത്തിരിവായത്. ഇത് ചെന്നെത്തിയത് നെറ്റ് വര്‍ക്കിങ് ആന്‍ഡ് വെബ് സൈറ്റ് ഡിസൈനിംഗെന്ന ബോര്‍ഡുവച്ച സ്ഥാപനത്തില്‍.
കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ ശൈലിയില്‍ ഫര്‍ണിഷ് ചെയ്ത സ്ഥാപനത്തില്‍ വെബ് ഡിസൈനര്‍മാരെന്ന പേരില്‍ ഏതാനും പേര്‍. ഡയറക്ടറുടെ മുറികളിലൊന്നില്‍ ഭുവനേഷ്. മഫ്ടിയിലെത്തി, പൊലീസാണെന്ന് പറയാതെയായിരുന്നു വിവരങ്ങള്‍ തേടിയത്. ഭുവനേഷിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് വെബ് ഡിസൈനര്‍മാരെന്ന പേരില്‍ അവിടെയുണ്ടായിരുന്ന പലരുടെയും പേരില്‍ ഭുവനേഷും സതീഷും ചേര്‍ന്ന് വ്യാജ മെയില്‍ ഐ.ഡി നിര്‍മ്മിച്ച് പുതിയ സിനിമകള്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായി കണ്ടെത്തിയത്. വെബ് ഡിസൈനര്‍മാര്‍ക്ക് സിനിമകളുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചിരുന്നതായി അറിയില്ലായിരുന്നു.മോഷ്ടിച്ച സിനിമകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ജോലികള്‍ക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. പരസ്യങ്ങള്‍ക്കൊപ്പം സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്നായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്.