കലക്ടര്‍ ബ്രോ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാകും

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍കലക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കുന്നു. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം മോദിക്ക് കത്ത് നല്‍കിയെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.. പ്രശാന്തിന്റെ സേവനം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രിക്കു കണ്ണന്താനം കത്തു നല്‍കിയതായും സൂചനയുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു . കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ മലബാറുകാരുടെ മനംകവര്‍ന്ന പ്രശാന്തിനെ അവര്‍ ”കലക്ടര്‍ ബ്രോ” എന്നാണു വിശേഷിപ്പിച്ചിരുന്നത്. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിരുന്നു.

പ്രശാന്തിനു കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയുള്ള പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ നിയമനം ലഭിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും കണ്ണന്താനം നിര്‍ദേശിച്ച തസ്തിക ലഭിക്കുന്നതിനു തടസമായേക്കും. ഇക്കാര്യത്തില്‍ കണ്ണന്താനം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദം തേടിയിരുന്നില്ലെന്ന ആരോപണവുമുണ്ട്.
രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എം.പി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പീന്നീട് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോയി. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി കൂടിയാണു പ്രശാന്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top