കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്തിനെ സ്ഥലം മാറ്റി; അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങളെത്തുടര്‍ന്നുള്ള നടപടിയാണോ എന്ന് സംശയം

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും എന്. പ്രശാന്തിനെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്. അടുത്ത കാലത്ത് എംകെ രാഘവന്‍ എംപിയുമായുള്ള എന്‍ പ്രശാന്തിന്റെ തര്‍ക്കങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കലക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള നടപടിയാണോ ഈ സ്ഥലമാറ്റമെന്ന് സംശയമുണ്ട്. ദിവസങ്ങളായി നടന്ന് വരുന്ന റവന്യൂ റിക്കവറിയിലും പല വമ്പന്‍മാരും കുടുങ്ങിയിരുന്നു.

മുന്‍സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.
ഓപ്പറേഷന്‍ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രശാന്ത് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. എന്നാല്‍ പിന്നീട് കോഴിക്കോട് എംപി എംകെ രാഘവനുമായി അദ്ദേഹം പരസ്യമായി ഉടക്കുകയും എംപി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തത് വലിയ വിവാദമായി. നിലവില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് നേരത്തെ കോട്ടയം കളക്ടറായും കെഎസ്യുഡിപി പ്രൊജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഡയറക്ടറും സംസ്ഥാന ഐടി മിഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു. കെഎസ്യുഡിപിയില്‍ പ്രവര്‍ത്തിച്ചു വരവെ 2015-ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്.

Top