കോഴിക്കോട് : കോഴിക്കോട് കളക്ടറും എം പി രാഘവനും തമ്മില്‍ വീണ്ടും പോര് തുടങ്ങി. കള്കടര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത എം പി കഴിഞ്ഞ കുറച്ച് നാളുകളായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കളക്ടേറ്റിലെ രണ്ട് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വീണ്ടും ഇരുവരും തമ്മില്‍ പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
എംപിയുടെ ശുപാര്‍ശയില്‍ കലക്ടറേറ്റില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു രണ്ടു പേരും തമ്മില്‍ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന ശീതയുദ്ധം വീണ്ടും സജീവമാകുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് കളക്ടര്‍ പ്രശാന്തിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടതിനു വ്യക്തമായ തെളിവുള്ളതു കൊണ്ടാണു പിരിച്ചുവിട്ടതെന്നു കലക്ടര്‍ പറഞ്ഞു.
എന്നാല്‍, എംപിയോടുള്ള വിരോധം തീര്‍ക്കാനാണു താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതെന്നാണ് എംപിയുടെ ഓഫിസ്! പറയുന്നത്. പിരിച്ചുവിടപ്പെട്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കു രാഷ്ട്രീയബന്ധമുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയിട്ടില്ല. രണ്ടാമത്തെ ഡ്രൈവര്‍ക്കു രാഷ്ട്രീയബന്ധം പോലുമില്ലെന്നും എംപിയുടെ ഓഫിസ് അറിയിച്ചു. കലക്ടറേറ്റില്‍ കയറി സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനനും എ. പ്രദീപ്കുമാര്‍ എംഎല്‍എയും ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയിട്ടു നടപടിയെടുക്കാത്ത കലക്ടര്‍ ആരോപണത്തിന്റെ പേരില്‍ എന്‍ജിഒ അസോസിയേഷന്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തെന്നും എംപി ആരോപിച്ചു. ഇടതുപക്ഷത്തോടാണ് പ്രശാന്തിന് താല്‍പ്പര്യമെന്ന് നേരത്തെ എംപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് അധികാരം കൂടി. ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശാന്തിനെതിരെ ആക്ഷേപം ഉയരാന്‍ കാരണം.
കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസില്‍ വോട്ടര്‍ പട്ടികയുടെ തെളിവെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരു യുഡിഎഫ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കി. എന്നാല്‍, പല തവണ ഓഫിസില്‍ കയറി ഭീഷണിപ്പെടുത്തിയ ഇടതുനേതാക്കള്‍ക്കെതിരെ നടപടിയില്ല. കലക്ടര്‍ക്കെതിരെ സംസാരിക്കുന്നവരെ റിയല്‍ എസ്റ്റേറ്റ് മാഫിയകളും മണല്‍ മാഫിയകളുമായി താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും എംപി പറഞ്ഞു. എന്നാല്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് കളക്ടറുടെ നിലപാട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോയാല്‍ നടപടിയെടുക്കുമെന്നും പറഞ്ഞു. എന്നാല്‍, കലക്ടറുടെ നടപടി നിയമവിരുദ്ധമാണെന്ന് എംപി ആരോപിച്ചു. നിയമം പഠിച്ചിട്ടാണു നടപടിയെടുത്തതെന്നു കലക്ടര്‍ മറുപടിയും നല്‍കി.
മാനാഞ്ചിറവെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ അകന്നുതുടങ്ങിയതെന്നാണു വിവരം. അതിനു ശേഷം വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായി. കെപിസിസി യോഗത്തില്‍ കളക്ടര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് രാഘവന്‍ ആരോപിക്കുകയും ചെയ്തു. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്‌നത്തില്‍ ഇടപെട്ടു. അങ്ങനെ താല്‍കാലിക വെടിനിര്‍ത്തലുണ്ടായി. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും തെറ്റുന്നത്.