അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു. സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും അനുഭാവികള്‍ക്കു നേരെയുമാണ് അക്രമം നടത്തുന്നത്. അക്രമികള്‍ പാര്‍ട്ടി ഓഫീസുകള്‍ളും സിപിഎം നേതാക്കളുടെ പ്രതിമകളും തകര്‍ത്തു. ബിജെപിയുടെ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചു.
ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. ഇതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യാനും ആരംഭിച്ചു. ദക്ഷിണ ത്രിപുരയിലെ ബലോനിയ കോളെജ് സ്‌ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ബലോനിയയിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തതിനു ശേഷമാണ് അക്രമികള്‍ പ്രതിമയ്ക്കു നേരെ തിരിഞ്ഞത്. ഫൈബര്‍ ഗ്ലാസില്‍ നിര്‍മിച്ച അഞ്ചടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തത്. ജെസിബി ഉപയോഗിച്ചായിരുന്നു ഇടിച്ചിട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിമ അനാഛാദനം ചെയ്തത്.
ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സിപിഐഎം നേതാവ് തപസ് ദത്ത പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വഴിയോരങ്ങളില്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.