കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതില്‍ ആഹ്ലാദപ്രകടനം നടത്തുന്നവരുടെ വീഡിയോ കുമ്മനം രാജശേഖരന്‍ പുറത്ത് വിട്ടു

തിരുവനന്തപുരം: കണ്ണൂരില്‍ ഇന്നലെ ആര്‍എസ്എസ് കാര്യകര്‍ത്ത ബിജുവിന്റെ കൊലപാതകത്തിന് പിന്നാലെ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്നലെ കണ്ണൂരില്‍ ബിജുവിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തുന്നതെന്ന പേരില്‍ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് കുമ്മനത്തിന്റെ അവകാശവാദം. ട്വിറ്ററിലൂടെയാണ് കുമ്മനം ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

ക്രൂരത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്. കൊലപ്പെടുത്തിയശേഷം കണ്ണൂരിലെ കമ്യൂണിസ്റ്റുകള്‍ ആര്‍എസ്എസ് കാര്യകര്‍ത്തയുടെ കൊലപാതകം ആഘോഷിക്കുന്നു എന്നാണ് ട്വീറ്റിലെ ഉള്ളടക്കം. ഇന്നലെയാണ് പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ബിജു കൊലചെയ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയകേസിലെ പ്രതിയാണ് ബിജു. ഇന്നലെ ക്രൂരമായാണ് ബിജുവിനെ കൊലപ്പെടുത്തിയത്. ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇടക്കാലത്തിന് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടാകുന്നത്.

കണ്ണൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരമായെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കണ്ണൂരിലെ സമാധാന ശ്രമങ്ങളെ യാതൊരുവിധത്തിലും ഇതു ബാധിക്കില്ലെന്നും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ബിജുവിന്റെ കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ്, സിപിഐഎം പ്രവര്‍ത്തകര്‍ ബിജുവിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തുന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ടത്.

 

 

>

Top